ബംഗളൂരു: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയോട് പാർട്ടി നിർദേശിച്ചിരുന്നതായി ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവും മുതിർന്ന നേതാവുമായ ബി.എസ് യെദിയൂരപ്പ. ഗൗഡ ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് യെദിയൂരപ്പയുടെ പരാമർശം.
കർണാടക മുൻ മുഖ്യമന്ത്രിയും ബംഗളൂരു നോർത്ത് എം.പിയുമായ സദാനന്ദ ഗൗഡ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചുവെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗൗഡയടക്കം 13 സിറ്റിങ് എം.പിമാർക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. ഇത് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂണിൽ അദ്ദേഹം പാർട്ടി നേതൃത്വത്തെ കണ്ടിരുന്നു. എൻ.ഡി.എയിൽ ജെ.ഡി.എസിനെ ചേർക്കാനുള്ള ബി.ജെ.പി തീരുമാനത്തെയും അദ്ദേഹം എതിർത്തിരുന്നു.
പിന്നാലെ ഗൗഡയെ ദേശീയ നേതൃത്വം ഡൽഹിയിലേക്കു വിളിച്ചു വരുത്തി. എന്നാൽ, രണ്ടുദിവസം കാത്തു നിന്നിട്ടും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ കാണാൻ കഴിയാതെ സദാനന്ദ ഗൗഡ മടങ്ങി.
കോൺഗ്രസിലേക്ക് ക്ഷണിച്ച് സദാനന്ദ ഗൗഡയെ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ സന്ദർശിച്ചിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു.
30 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ പാർട്ടിയിൽനിന്നും അർഹിച്ച അംഗീകാരങ്ങൾ ലഭിച്ചുവെന്നും കൂടുതൽ ആഗ്രഹങ്ങളില്ലെന്നുമാണ് ഗൗഡ വിരമിക്കൽ തീരുമാനമറിയിച്ച് പറഞ്ഞത്. 10 വർഷം എം.എൽ.എയായും 20 വർഷം എം.പിയായും പ്രവർത്തിച്ചു. ഒരുവർഷം മുഖ്യമന്ത്രിയായി.
നാലുവർഷം പാർട്ടി സംസ്ഥാന പ്രസിഡന്റായി. ഏഴുവർഷം കേന്ദ്രമന്ത്രിയായി. ഇതിൽ കൂടുതൽ ആഗ്രഹിക്കുന്നത് സ്വാർഥതയാണെന്നും സദാനന്ദ ഗൗഡ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു സമാനമായി ലോക്സഭയിലും കർണാടകയിൽ പുതുമുഖങ്ങൾക്കാണ് ബി.ജെ.പി അവസരം നൽകുന്നതെന്ന് സൂചനകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.