ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ തൊണ്ണൂറാം വാർഷികം ഫെബ്രുവരി മൂന്നാം വാരം സമുചിതമായി ആഘോഷിക്കുമെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. ആഘോഷത്തോടനുബന്ധിച്ച് ബംഗളൂരുവിലെ നിർധനരും നിരാലംബരുമായ കുടുംബങ്ങൾക്ക് ഗുണകരമായ ഒമ്പത് ഇന കർമപദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കും.
സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും, ആതുര സേവനത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും, സാമൂഹിക പ്രവർത്തനം സജീവമാക്കും, നിർമാണത്തിലിരിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ പണി ഉടൻ പൂത്തീകരിക്കും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ മാർഗരേഖകൾ തുടങ്ങിയ തീരുമാനങ്ങളും പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകസമിതി യോഗം കൈക്കൊണ്ടു.
എം.എം.എ ചാരിറ്റി ഹോംസ് പദ്ധതിയിൽ നിർമാണത്തിലിരിക്കുന്ന 25 വീടുകളുടെ പണി മാർച്ചോടെ പൂർത്തിയാക്കി ഭവന രഹിതരായ നിർധന കുടുംബങ്ങൾക്ക് കൈമാറാനുള്ള പ്രവൃത്തി ദ്രുതഗതിയിൽ നടന്നുവരുന്നതായും തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് ഒമ്പതു പതിറ്റാണ്ടുകാലത്തെ സംഘടനയുടെ സമ്പൂർണ ചരിത്രം ഉൾക്കൊള്ളുന്ന സോവനീർ തയാറാക്കുന്നതടക്കമുള്ള പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചതായും ജനറൽ സെക്രട്ടറി അറിയിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് അഡ്വ. പി. ഉസ്മാൻ, സെക്രട്ടറിമാരായ കെ.സി. അബ്ദുൽ ഖാദർ, പി.എം. ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, കെ.എച്ച്. ഫാറൂഖ്, ടി.പി. മുനീറുദ്ദീൻ, പി.എം. മുഹമ്മദ് മൗലവി, കബീർ ജയനഗർ, വി.സി. കരീം ഹാജി, സി.എൽ. ആസിഫ് ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.