ബംഗളൂരു: മുഡ കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഐക്യദാർഢ്യവുമായി വ്യാഴാഴ്ച ഹാസനിൽ അദ്ദേഹത്തിന്റെ അനുകൂലികൾ സംഘടിപ്പിക്കുന്ന പരിപാടിയുടെ പേരുമാറ്റി. പരിപാടി കർണാടക കോൺഗ്രസിന്റെ ബാനറിൽതന്നെ സംഘടിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച ബംഗളൂരുവിൽ പറഞ്ഞു. പിന്നാക്ക സംഘടനകളുടെ നേതൃത്വത്തിൽ ‘സിദ്ധരാമയ്യ സ്വാഭിമാനി ജനാന്ദോളന സമാവേശ’ എന്നായിരുന്നു പരിപാടിക്ക് ആദ്യം പേര് നിശ്ചയിച്ചിരുന്നത്. ഇത് ‘ജന കല്യാണ സമാവേശ’ എന്ന പേരിലാണ് നടക്കുക.
‘കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിൽ എന്റെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസ് പരിപാടിയാണിത്. ഞങ്ങളെന്തൊക്കെയാണ് ചെയ്യുന്നതെന്നും എന്തൊക്കെ വികസനമാണ് കൊണ്ടുവന്നതെന്നും ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. ബി.ജെ.പിയും ജെ.ഡി-എസും നടത്തിയ നുണപ്രചാരണമൊന്നും ജനങ്ങൾക്കിടയിൽ വിലപ്പോയിട്ടില്ല’ -ശിവകുമാർ പറഞ്ഞു.
പരിപാടിയുടെ പേരുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കോൺഗ്രസ് വലിയ ചരിത്ര പാരമ്പര്യമുള്ള പാർട്ടിയാണെന്നും പരിപാടിയിൽ കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ താനും മുഖ്യമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യയും പങ്കെടുക്കണമെങ്കിൽ ആ പരിപാടി കോൺഗ്രസിന്റെ ബാനറിന് കീഴിലായിരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യം ഞാൻ സംഘാടകരോട് വ്യക്തമാക്കിയിട്ടുണ്ട്. അവരത് സമ്മതിച്ചിട്ടുമുണ്ട്. പരിപാടിയിൽ താൻതന്നെ അധ്യക്ഷത വഹിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി. ശിവകുമാറിന്റെ ഈ തീരുമാനത്തിൽ സിദ്ധരാമയ്യ അനുയായികൾ അസംതൃപ്തരാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് വെറുതെ പറയുന്നതാണെന്ന് ശിവകുമാർ പ്രതികരിച്ചു. സിദ്ധരാമയ്യയെ പിന്തുണക്കുന്നവരെന്നോ ശിവകുമാറിനെ പിന്തുണക്കുന്നവരെന്നോ ആരും തന്നെയില്ല. എല്ലാവരും കോൺഗ്രസിനെ പിന്തുണക്കുന്നവരാണ് -അദ്ദേഹം പറഞ്ഞു. പാർട്ടി ചട്ടക്കൂടിന് പുറത്ത് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ കോൺഗ്രസിൽതന്നെ എതിർപ്പുയർന്നതാണ് ശിവകുമാറിന്റെ ഇടപെടലിലേക്ക് നയിച്ചതെന്നാണ് വിവരം. ഹാസനിലെ പരിപാടിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ചില നേതാക്കൾ കത്തയച്ചിരുന്നു.
"സിദ്ധരാമയ്യയെ പിന്തുണക്കുന്നവരെന്നോ ശിവകുമാറിനെ പിന്തുണക്കുന്നവരെന്നോ ആരും തന്നെയില്ല. എല്ലാവരും കോൺഗ്രസിനെ പിന്തുണക്കുന്നവരാണ്" -ഡി.കെ. ശിവകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.