ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ശിവമൊഗ്ഗ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും ബി.ജെ.പി വിമതനുമായ കെ.എസ്. ഈശ്വരപ്പ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ ബി.ജെ.പി ജില്ല കമ്മിറ്റി ശലിവമൊഗ്ഗ സിവിൽ കോടതിയിൽ പരാതി നൽകി. മോദിയുടെ ചിത്രം ബി.ജെ.പി സ്ഥാനാർഥികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും മറ്റുള്ളവർ ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ 29ാം വകുപ്പിന്റെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയെ രൂക്ഷമായി വിമർശിച്ച് വിമത സ്ഥാനാർഥി കെ.എസ്. ഈശ്വരപ്പ രംഗത്തുവന്നു. ശിക്കാരിപുരയിൽനിന്ന് അച്ഛനെയും മകനെയും പുറത്താക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു. ബി.എസ്. യെദിയൂരപ്പയെയും മകൻ ബി.വൈ. വിജയേന്ദ്രയെയും സൂചിപ്പിച്ചായിരുന്നു ഈശ്വരപ്പയുടെ പ്രസ്താവന. ‘വിജയേന്ദ്രയുടെ വിഡ്ഢിത്ത പ്രസ്താവനകൾ ഞാൻ വിലവെക്കുന്നില്ല. സംസ്ഥാന പ്രസിഡന്റാകാൻ നിങ്ങൾക്ക് യോഗ്യതയില്ല. 40 വർഷം പാർട്ടിക്കുവേണ്ടി ഞാൻ കഠിനമായി പ്രയത്നിച്ചു. നിങ്ങൾ അച്ഛന്റെ സഹായത്താൽ പ്രസിഡന്റായ ആളാണ്. ഇത്തരത്തിൽ സംസാരിക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല.
എന്റെ സംഭാവനകൾ എന്താണെന്ന് ശിവമൊഗ്ഗയിലെ ജനങ്ങൾക്കറിയാം. ശിക്കാരിപുര നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം 60,000ത്തിൽനിന്ന് 10,000ത്തിലേക്ക് താഴ്ന്നു. നിങ്ങളെന്താണ് പാർട്ടിക്കുവേണ്ടി ചെയ്തത്? ഇപ്പോഴും ഒരു അനുഭവസമ്പത്തുമില്ലാത്തയാളാണ് നിങ്ങൾ. എന്നെ വിമർശിക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല- വിജയേന്ദ്രയെ ലക്ഷ്യമിട്ട് ഈശ്വരപ്പ പറഞ്ഞു.
ഈശ്വരപ്പക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന വിജയേന്ദ്രയുടെ മുന്നറിയിപ്പിനെ തള്ളിയ ഈശ്വരപ്പ, അത്തരം ഭീഷണിയിൽ ഭയമില്ലെന്നും ജനം തന്നോടൊപ്പമുണ്ടെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.