യുവതി യുവാക്കളുടെ മതം ചോദിച്ച് വാഹനം തടഞ്ഞ് അക്രമിക്കാൻ ശ്രമിച്ച സദാചാര ഗുണ്ടകൾ അറസ്റ്റിൽ

മംഗളൂരു: നഗരത്തിൽ മിലാഗ്രസ് ചർച്ച് റോഡിൽ തിങ്കളാഴ്ച രാത്രി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവാവിന്റേയും യുവതിയുടേയും മതം ചോദിച്ച് തടഞ്ഞ് അക്രമത്തിന് മുതിർന്ന സംഭവത്തിൽ സദാചാര ഗുണകളെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.കെ.അക്ഷയ് രാജു(32),ശിബിൻ പഡിക്കൽ(30) എന്നിവരെയാണ് മംഗളൂരു സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

മംഗളൂരു നഗരത്തിലെ എം.എസ്.സ്പോർട്സ് എന്ന സ്ഥാപനത്തിൽ സഹപ്രവർത്തകയായ സൗജന്യയെ പിറകിൽ ഇരുത്തി സഞ്ചരിച്ച നൂറുൽ ഹസന്റെ വാഹനമാണ് ബൈക്കിൽ പിന്തുടർന്ന ഗുണ്ടകൾ തടഞ്ഞത്. മുസ്‌ലിമുമായി നിനക്കെന്താ കാര്യം എന്ന ബജ്റംഗ്ദൾ പതിവ് ശൈലിയിൽ യുവതിക്ക് നേരെ ആക്രോശിച്ചു.യുവാവിനെ അക്രമിക്കാൻ മുതിരുന്നതിനിടെ അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘം രക്ഷകരായി.നാലു പേരേയും പാണ്ടേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.യുവാവിന്റേയും യുവതിയുടേയും മൊഴി രേഖപ്പെടുത്തി. ഇതനുസരിച്ച് ഗുണ്ടകൾക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തു.

യുവതിയുടെ മൊബൈൽ ഫോൺ കേടായതിനാൽ റിപ്പയർ കടയിലേക്ക് പോവുംവഴിയാണ് അക്രമം ഉണ്ടായതെന്ന് നൂറുൽ ഹസന്റെ പരാതിയിൽ പറഞ്ഞു. ഉള്ളാൾ ബീച്ചിൽ മലയാളി മുസ്‌ലിം മെഡിക്കൽ വിദ്യാർഥികൾ ഇതര മതത്തിലെ സഹപാഠികൾക്കൊപ്പം സായാഹ്നം ചെലവിട്ടതിനെത്തുടർന്ന് ആറ് മാസം മുമ്പ് സംഘ്പരിവാർ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.ആ പശ്ചാത്തലത്തിൽ കർണാടകയിലെ സിദ്ധാരാമയ്യ സർക്കാർ സദാചാര ഗുണ്ടായിസത്തിനും ലഹരിക്കുമെതിരെ നടപടി ശക്തമാക്കി. ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര മംഗളൂരുവിൽ ദക്ഷിണ കന്നട, ഉഡുപ്പി,ചിക്കമംഗളൂരു ജില്ലകളിലെ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു രൂപവത്കരിച്ച പ്രത്യേക സെൽ നിലവിലുണ്ട്.

ഇതിന്റെ പ്രവർത്തന ഫലമായി മംഗളൂരു നഗരം നിലവിൽ രാത്രി കാലങ്ങളിലും സജീവമാണ്.ഇതിനിടയിലാണ് ഭീതി പരത്താൻ ശ്രമം നടന്നത്.വാഹനം തടഞ്ഞ സംഭവം നഗരത്തിന്റെ ചില ഭാഗങ്ങളിൽ സാമുദായിക സംഘർഷത്തിലേക്ക് നീങ്ങുന്നത് പൊലീസ് സന്ദർഭോചിതം ഇടപെട്ട് തടയുകയായിരുന്നു.

Tags:    
News Summary - Moral gangsters who tried to attack young women by stopping their vehicle after asking their religion were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.