ബംഗളൂരു: മൈസൂരു- ബംഗളൂരു- ചെന്നൈ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനുപുറമെ, ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബംഗളൂരു നഗരപിതാവ് നാഡപ്രഭു കെംപഗൗഡയുടെ 108 അടിയുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേ ഭാരത് എക്സ്പ്രസാണ് മൈസൂരു- ബംഗളൂരു- ചെന്നൈ റൂട്ടിൽ സർവിസ് നടത്തുക.
52 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുള്ളതാണ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ. പരമാവധി വേഗം 180 കിലോമീറ്ററാണ്. ആദ്യമിറക്കിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് 430 ടണ്ണാണ് ഭാരമെങ്കിൽ പുതിയ ട്രെയിനുകൾക്ക് 392 ടൺ ഭാരമേയുള്ളൂ. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കാണ് നാലാമത്തെയും അഞ്ചാമത്തെയും വന്ദേ ഭാരത് എക്സ്പ്രസുകൾ അനുവദിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പൊലീസ്, റെയിൽവേ, സിവിൽ ഏവിയേഷൻ തുടങ്ങി വിവിധ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനസജ്ജമായ രണ്ടാം ടെർമിനലിന്റെ ഒരു ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വർഷത്തിൽ 2.5 കോടി യാത്രികരെക്കൂടി ഉൾക്കൊള്ളാനാവുന്ന വിധത്തിൽ 5000 കോടി രൂപ ചെലവിലാണ് പുതിയ ടെർമിനൽ പൂർത്തീകരിച്ചത്.
രണ്ടാം ടെർമിനലിന്റെ 2.54 ലക്ഷം അടി വരുന്ന ആദ്യ ഘട്ടമാണ് മോദി തുറന്നുനൽകുക. രണ്ടാം ഘട്ടം പിന്നീട് പൂർത്തിയാക്കും. രണ്ടാം ഘട്ട പ്രവൃത്തി പൂർത്തിയായാൽ രണ്ടു കോടി യാത്രക്കാരെക്കൂടി വർഷത്തിൽ ഉൾക്കൊള്ളാനാവും.
2018ൽ പ്രവൃത്തി ആരംഭിച്ച രണ്ടാം ടെർമിനലിന്റെ പൂർത്തീകരണം കോവിഡ് ലോക്ഡൗൺ സാഹചര്യത്തിൽ വൈകുകയായിരുന്നു. നവംബർ 11ന് ആന്ധ്രയിലെ വിശാഖപട്ടണത്തും വിവിധ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് മൈസൂരു- ബംഗളൂരു- ചെന്നൈ റൂട്ടിൽ സർവിസ് നടത്തും.
അതിവേഗ ട്രെയിനിന്റെ ആദ്യ സർവിസ് നവംബർ 10ന് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് മൈസൂരു എം.പി പ്രതാപ് സിംഹ ട്വീറ്റിൽ അറിയിച്ചു. ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിന്റെ ഉദ്ഘാടനം അന്നേദിവസം നടക്കും. മൈസൂരു- ബംഗളൂരു- ചെന്നൈ റൂട്ടിലെ സർവിസിനാവശ്യമായ വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ചുകൾ തയാറായതായി റെയിൽവേയിൽനിന്ന് മറുപടി ലഭിച്ചതായും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.