ബംഗളൂരു: ദീർഘകാല കാത്തിരിപ്പിനൊടുവിൽ നമ്മ മെട്രോ ഗ്രീൻ ലൈനിൽ (തെക്ക്-വടക്ക് ഇടനാഴി) നാഗസാന്ദ്രയിൽനിന്ന് മാധവാരയിലേക്ക് വ്യാഴാഴ്ച ട്രെയിൻ സർവിസ് തുടങ്ങി. പുതുതായി നിർമിച്ച 3.14 കിലോമീറ്റർ മെട്രോ പാതയാണ് തുറന്നത്. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും.
രാവിലെ അഞ്ചിന് മാധവാരയിൽനിന്ന് ആദ്യ മെട്രോ ട്രെയിൻ പുറപ്പെട്ടു. രാത്രി 11നാണ് അവസാന ട്രെയിൻ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യ തുടങ്ങിയവർ യശ്വന്തപുരയിൽ നിന്ന് മാധവാര വരെ ബുധനാഴ്ച മെട്രോയിൽ സഞ്ചരിച്ച് പാത പരിശോധിച്ചിരുന്നു. ഈ പാത 44,000 യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ വിലയുൾപ്പെടെ 1168 കോടി രൂപ ചെലവിലാണ് പാത നിർമിച്ചത്. നാഗസാന്ദ്ര- മാധവാര പാത തുറന്നതോടെ നമ്മ മെട്രോക്ക് ആകെ 76.95 കിലോമീറ്റർ പാതയും 69 സ്റ്റേഷനുകളുമായി.
ഗ്രീൻ ലൈനിൽ 33.46 കിലോമീറ്ററും 31 സ്റ്റേഷനുകളും പർപ്പിൾ ലൈനിൽ (കിഴക്ക് - പടിഞ്ഞാറ് ഇടനാഴി) 43.49 കിലോമീറ്ററും 38 സ്റ്റേഷനുകളുമാണുള്ളത്. മെട്രോ റെയിൽ സുരക്ഷാ കമീഷണറുടെ പരിശോധന പൂർത്തിയായി മാസമായപ്പോഴാണ് വാണിജ്യ സർവിസ് തുടങ്ങിയത്. അനുമതി ലഭിച്ചിട്ടും സർവിസ് തുടങ്ങാൻ വൈകുന്നതിൽ ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിനെതിരെ (ബി.എം.ആർ.സി.എൽ) വൻതോതിൽ വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.