ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ നന്ദിനി ബ്രാൻഡ് പാലുകൾക്ക് ലിറ്ററിന് 50 മില്ലി ലിറ്റർ അധികം നൽകി രണ്ടുരൂപ വർധിപ്പിച്ചപ്പോൾ, നന്ദിനിയുടെ ശുഭം ഗോൾഡ് പാലിന് മാത്രം ലിറ്ററിന് നാലുരൂപ വർധിപ്പിച്ചതായി ആക്ഷേപം. മുമ്പുണ്ടായിരുന്നതിലും നാലുരൂപ അധികം പ്രിന്റ് ചെയ്താണ് ശുഭം ഗോൾഡ് പാൽ നന്ദിനി ഇപ്പോൾ വിൽക്കുന്നത്. അര ലിറ്റർ പാക്കറ്റിൽ മൂന്നുരൂപയും വർധിപ്പിച്ചിട്ടുണ്ട്. മറ്റു പാക്കറ്റുകളെ പോലെ ഇവയിലും 50 മില്ലി ലിറ്റർ അധികം പാൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുഭം ഗോൾഡ് പാലിന് അര ലിറ്ററിന് നേരത്തെ 26 രൂപയായിരുന്നു. കെ.എം.എഫിന്റെ അറിയിപ്പ് പ്രകാരം 28 രൂപയാണ് ആവേണ്ടിയിരുന്നതെങ്കിലും 29 ആണ് പുതിയ പാക്കറ്റിലെ വില. നേരത്തെ ലിറ്ററിന് 49 രൂപയുണ്ടായിരുന്നത് പുതുക്കിയ നിരക്ക് 51 രൂപ ആവേണ്ടതിനുപകരം 53 രൂപയാണ് പ്രിന്റ് ചെയ്തിട്ടുള്ളത്.
നന്ദിനി പുറത്തിറക്കുന്ന എല്ലായിനം പാല് പാക്കറ്റുകള്‍ക്കും വില വർധന നടപ്പാക്കിയിരുന്നു. ഒരു ലിറ്റർ നന്ദിനി പാലിന്റെ വില കുറഞ്ഞത് 44 രൂപയായി. നന്ദിനിയുടെ സംതൃപ്തി പാലിന് ലിറ്ററിന് 57ഉം സമൃദ്ധി പാലിന് ലിറ്ററിന് 53ഉം രൂപയാണ് പുതിയ നിരക്ക്. എന്നാൽ, തൈരിനോ മറ്റു പാലുൽപന്നങ്ങൾക്കോ വില വർധിപ്പിച്ചിട്ടില്ല. വൈകാതെ തൈരിനും വില വർധിപ്പിച്ചേക്കുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ഒടുവിൽ സംസ്ഥാനത്ത് പാല് വില വർധിപ്പിച്ചത്. മതിയായ പാൽ ഉൽപാദനം ഉറപ്പുവരുത്താനും ക്ഷീരകർഷകരെ സംരക്ഷിക്കാനും വിലവർധന അത്യാവശ്യമാണെന്നാണ് കെ.എം.എഫിന്റെ വാദം. അതേസമയം, വില വർധിപ്പിച്ചതിന് ശേഷവും മാർക്കറ്റിൽ താരതമ്യേന കുറഞ്ഞ വിലക്ക് പാൽ വിൽക്കുന്നത് നന്ദിനിയാണ്. കേരളത്തിൽ ഒരു ലിറ്റർ പാലിന് 52 രൂപ മിൽമ ഈടാക്കുമ്പോൾ ഗുജറാത്ത്, മഹാരാഷ്ട്ര അടക്കം ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പാൽ വിപണിയിലെത്തിക്കുന്ന അമുൽ ഒരു ലിറ്ററിന് 56 രൂപക്കാണ് പാൽ വിൽക്കുന്നത്. ഡൽഹിയുടെ മദർ ഡെയറിയാകട്ടെ 54 രൂപയും ഈടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.