ബംഗളൂരു: ഒഡിഷയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തിൽപെട്ട ബംഗളൂരു-ഹൗറ ട്രെയിനിലെ കർണാടകയിൽനിന്നുള്ള യാത്രക്കാരെല്ലാം സുരക്ഷിതർ. ബംഗളൂരു എസ്.എം.വി.ടി സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ബംഗളൂരു-ഹൗറ (12864) സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്ന് ചെന്നൈ സെൻട്രലിലേക്ക് പോവുകയായിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
നിരവധി മലയാളികൾ ആശ്രയിക്കുന്ന ട്രെയിനുകളാണ് രണ്ടും. ഇതിനാൽ അപകടവിവരമറിഞ്ഞയുടൻ മലയാളികൾ ആശങ്കയിലായിരുന്നു. നിരവധി മലയാളികൾ ജോലിചെയ്യുന്നതിനാൽ ബംഗളൂരുവിൽ നിന്നടക്കം ബംഗളൂരു-ഹൗറ എക്സ്പ്രസിൽ മലയാളികൾ അപകടസമയത്ത് യാത്ര ചെയ്തിരുന്നോ എന്നതും ആശങ്ക ഇരട്ടിപ്പിച്ചിരുന്നു. എന്നാൽ, കർണാടകയിൽനിന്ന് ഈ ട്രെയിനിൽ യാത്രചെയ്തവരെല്ലാം സുരക്ഷിതരാണെന്ന് കർണാടക റെയിൽവേ പൊലീസ് ഡി.ഐ.ജി ശശികുമാർ പറഞ്ഞു.
ഝാർഖണ്ഡിലെ ജൈനമതവിശ്വാസികളുടെ തീർഥാടന കേന്ദ്രമായ ‘സമ്മത് ശിഖർജി’യിലേക്ക് 110 തീർഥാടകരടക്കം 924 റിസർവേഷനുള്ള യാത്രക്കാരും 300ഓളം റിസർവേഷനില്ലാത്ത യാത്രക്കാരുമായിരുന്നു ബംഗളൂരുവിൽനിന്ന് വ്യാഴാഴ്ച രാത്രി 12.30ഓടെ പുറപ്പെടുമ്പോൾ ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടസമയത്തുള്ള 33 യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ പരിക്ക് സാരമുള്ളതാണ്. അപകടത്തിൽ മരിച്ചവരിലും കർണാടകയിൽനിന്ന് യാത്രചെയ്തവർ ഇല്ലെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ട്രെയിനിലെ റിസർവ്ഡ് കോച്ചുകളിലെ യാത്രക്കാരിൽ മരണമോ പരിക്കോ ഇല്ല.
ആകെയുള്ള 23 ബോഗികളിൽ നാലെണ്ണമാണ് അപകടത്തിൽപെട്ടത്. ചിക്കമഗളൂരു ജില്ലയിലെ കളസ ടൗണിൽനിന്നുള്ള തീർഥാടകർ ട്രെയിനിലെ എസ് -അഞ്ച്, എസ്- ഏഴ് കോച്ചുകളിലാണുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി 8.30ഓടെ തങ്ങളുടെ ട്രെയിൻ പൊടുന്നനെ നിർത്തുകയും വലിയ ശബ്ദം കേൾക്കുകയും ചെയ്തുവെന്നും അപകടദൃശ്യങ്ങൾ ദാരുണമായിരുന്നുവെന്നും തീർഥാടകരായ സന്തോഷ് ജെയിൻ (41), നാഗസ്വാമി ഷെട്ടി (76) എന്നിവർ പറഞ്ഞു.
എൻജിനും 20 കോച്ചുകൾക്കും കേടുപാടുകൾ ഉണ്ടായിട്ടില്ല. തുടർന്ന് ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ അപകടം നടന്ന ബാലസോറിൽനിന്ന് 19 കോച്ചുകളുമായി മണിക്കൂറിൽ 40 കി.മീറ്റർ വേഗതയിൽ ട്രെയിൻ ഹൗറയിലേക്ക് യാത്ര തുടർന്നു.
രക്ഷാപ്രവർത്തനത്തിന് തൊഴിൽമന്ത്രി സന്തോഷ് ലാഡിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒഡിഷയിലേക്ക് അയച്ചിട്ടുണ്ട്.
അപകടത്തിൽപെട്ട ബംഗളൂരു-ഹൗറ എക്സ്പ്രസിലെ യാത്രക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ
കർണാടക പൊലീസും റെയിൽവേ പൊലീസും ഹെൽപ് ലൈൻ നമ്പറുകൾ തയാറാക്കിയിട്ടുണ്ട്. ഫോൺ നമ്പറുകൾ:
9480802140, 08022942666, 08022871291, 08025460851, 08022943509
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.