ബംഗളൂരു: പോക്സോ കേസിൽ ഉൾപ്പെട്ട പ്രതിയെ വിവാഹം കഴിക്കാൻ സമ്മതം അറിയിച്ച് അതിജീവിത സത്യവാങ്മൂലം സമർപ്പിച്ചതോടെ കേസ് റദ്ദാക്കി കർണാടക ഹൈകോടതി. ഒരു മാസത്തിനകം വിവാഹം നടക്കുമെന്ന് പ്രതിയും അതിജീവിതയും അറിയിച്ചതോടെയാണ് ഇരു ഭാഗത്തിന്റെയും വാദമുഖങ്ങൾ കേട്ടശേഷം ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡർ അധ്യക്ഷനായ സിംഗിൾ ബെഞ്ച് അപൂർവ നടപടി സ്വീകരിച്ചത്. തങ്ങൾ തമ്മിൽ ബന്ധത്തിലേർപെട്ടത് പരസ്പര സമ്മതത്തോടെയായിരുന്നെന്നും തനിക്ക് പ്രായപൂർത്തിയായതിനാൽ വിവാഹം സംബന്ധിച്ച് സ്വയം തീരുമാനമെടുക്കാനാകുമെന്നും അതിജീവിത കോടതിയെ അറിയിച്ചു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിർബന്ധിച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്ന പേരിലാണ് പ്രതി ചിക്കരദപ്പക്കെതിരെ ചിക്കബെല്ലാപുര ചിന്താമണി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ പ്രായപൂർത്തിയായ പെൺകുട്ടി, താൻ പ്രതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.
ഇതോടെ ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ, തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി സ്വീകരിച്ചു. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നും വിവാഹം അംഗീകൃത അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.