ബംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് കര്‍ണാടക- കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ആവശ്യപ്പെട്ടു. ഇതിനായി പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി മുന്‍ ചെയര്മാന് പി.കെ. കൃഷ്ണദാസ്, ദക്ഷിണ- പശ്ചിമ റെയില്‍വേ ജനറല്‍ മാനേജര്‍, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് സംഘടന നിവേദനം നല്കി.
ഒക്ടോബര്‍ 20, 21 തീയതികളില്‍ ബംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്കും പാലക്കാട് വഴി കണ്ണൂരിലേക്കും 27, 28 തീയതികളില്‍ തിരിച്ച് ബംഗളൂരുവിലേക്കും പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നാണ് ആവശ്യം. കര്‍ണാടകയില്‍ സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദിവസങ്ങളോളം അവധി ലഭിക്കുന്നതിനാല്‍ നാട്ടിലേക്ക് പോകാന്‍ ഓണക്കാലത്തേക്കാള്‍ തിരക്കാണ് പൂജ അവധിക്ക് അനുഭവപ്പെടാറുള്ളത്.
പൂജ അവധി തുടങ്ങുന്നതിന് മുന്നോടിയായി ഒക്ടോബര്‍ മൂന്നാം വാരം നാട്ടിലേക്കും അവധിക്ക് ശേഷമുള്ള ദിവസങ്ങളില്‍ തിരിച്ചും ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമാണ്. ഇതോടെ നാട്ടിലെത്താന്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുക മാത്രമാകും വഴി. അവസരം മുതലെടുത്ത് വലിയ തുക സ്വകാര്യ ബസുകള്‍ ഈടാക്കുമെന്നും ആശങ്കയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് സാധാരണ നിരക്കിനേക്കാള്‍ ഇരട്ടിയാണ് ബസുകൾ ഈടാക്കിയിരുന്നത്. പ്രത്യേക ട്രെയിനുകൾ അനുവദിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് അറുതിവരുത്താമെന്ന് കെ.കെ.ടി.എഫ് ജനറല്‍ കണ്‍വീനര്‍ ആര്. മുരളീധരന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.