ബംഗളൂരു: സിനിമ നിർമാതാവിന്റെ സഹോദരന്റെ ബംഗളൂരുവിലെ വീട്ടിൽ വൻകവർച്ച. മൂന്നുകോടി രൂപ വിലയുള്ള സ്വർണാഭരണങ്ങളും ആറുലക്ഷം രൂപയും കവർന്നു. സൽമാൻ ഖാൻ ചിത്രം ‘ബജ്റംഗി ഭായ്ജാൻ’ സിനിമയുടെ നിർമാതാവായ റോക്ക്ലിൻ വെങ്കടേഷിന്റെ സഹോദരനും ബിസിനസുകാരനുമായ ബി.എൻ. ബ്രമരേഷിന്റെ മഹാലക്ഷ്മി ലേ ഔട്ടിലെ വീട്ടിലാണ് കവർച്ച നടന്നത്.
ഒക്ടോബർ 21നാണ് സംഭവം. ഗ്രീസിൽ യാത്ര പോയ ബ്രമരേഷും കുടുംബവും 29നാണ് മടങ്ങിവന്നത്. ലോക്കർ പരിശോധിച്ചപ്പോഴാണ് 5.5 കിലോ സ്വർണവും പണവും മോഷ്ടാക്കൾ കവർന്നതായി അറിയുന്നത്. ബ്രമരേഷ് മഹാലക്ഷ്മി ലേ ഔട്ട് പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ആറ് അന്വേഷണ സംഘങ്ങൾ രൂപവത്കരിച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വീടിന്റെ മുകൾ നിലയിലുള്ള വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീട്ടിലെ സുരക്ഷാ ജീവനക്കാരൻ വിവരം അറിഞ്ഞില്ല. കുടുംബത്തിന്റെ യാത്രാവിവരങ്ങളടക്കം പിന്തുടർന്ന് അറിഞ്ഞവരാണ് കൃത്യം നടത്തിയത്. സുരക്ഷാജീവനക്കാരനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിർമാണ വിതരണ കമ്പനിയായ റോക്ക്ലിൻ എന്റർടെയ്ൻമെന്റിന്റെ ഉടമയാണ് റോക്ക്ലിൻ വെങ്കടേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.