ബംഗളൂരു: മൂന്നാം ഊഴത്തിൽ കടുത്ത തിരിച്ചടിയാണ് നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും നേരിടേണ്ടി വന്നതെങ്കിലും സംഘ് പരിവാർ ഉയർത്തുന്ന വെല്ലുവിളികൾ അവസാനിക്കുന്നില്ലെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ഐഡം (എ.ഐ.ഡി.എം) മാനേജിങ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
‘തെരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും’ എന്ന വിഷയത്തിൽ ബംഗളൂരു സെക്യുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ മാറ്റിപ്പണിയാൻ അണിയറയിൽ നീക്കം ആരംഭിച്ചവരെ പിടിച്ചുകെട്ടിയത് ജനാധിപത്യമെന്ന ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ നൽകിയ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് നമ്മൾ തിരിച്ചറിയണം. വലിയ പ്രതീക്ഷയാണ് ഇന്ത്യൻ മതേതര മനസ്സിന് അത് പ്രദാനം ചെയ്യുന്നത്. കർഷകർ അടങ്ങുന്ന സാധാരണ പൗരന്മാരെ മാത്രമല്ല പ്രതിപക്ഷ ശബ്ദംപോലും അനുവദിക്കാത്ത ഏകാധിപത്യ പ്രവണതയെയും കോർപറേറ്റ് ബാന്ധവത്തെയും തടുത്തുനിർത്താൻ ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷനിര ഏറെ പാടുപെടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.പ്രിന്റ്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ മൂന്നര പതിറ്റാണ്ടിലേറെ പരിചയമുള്ള മുതിർന്ന മാധ്യമ പ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ ദി ഹിന്ദു ഗ്രൂപ് ഓഫ് പബ്ലിക്കേഷൻസ്, ബി.ബി.സി, ദി ടെലിഗ്രാഫ് എന്നിവയുൾപ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലെ പ്രവർത്തനാനുഭവ സമ്പത്തുള്ളയാളാണ്. 2024ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും മോദി സർക്കാറിന്റെ മൂന്നാംവട്ട പ്രവർത്തനത്തെക്കുറിച്ചും വ്യക്തവും ഉൾക്കാഴ്ചയുള്ളതുമായ വിശകലനം അദ്ദേഹം നൽകി. ബി.ജെ.പി-ആർ.എസ്.എസ്, സംഘ്പരിവാർ അജണ്ടകളും പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളും പോരായ്മകളും ചർച്ച ചെയ്ത ചോദ്യോത്തര സെഷനും സജീവമായി. നടനും സംവിധായകനുമായ പ്രകാശ് ബാരെ അധ്യക്ഷത വഹിച്ചു. സുഭാഷ് മേനോൻ, അഭി ഫിലിപ്, ആർ.വി. ആചാരി, ഷാജു കുന്നോത്ത്, ഷിജിൻ ജേക്കബ്, ദിലീപ് ഇബ്രാഹിം, അഡ്വ. പ്രമോദ് വരപ്രത്ത് തുടങ്ങിയവർ സംസാരിച്ചു.
പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ സർക്കാർ സ്വീകരിക്കുന്ന പ്രതികാര നടപടികൾക്കെതിരെ ബംഗളൂരു സെക്യുലർ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങൾക്കും ജീവിതം സമർപ്പിക്കുന്ന വിശ്വോത്തര എഴുത്തുകാരിക്ക് യോഗം ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.