ബംഗളൂരു: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ശനിയാഴ്ച കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ഈ തെരഞ്ഞെടുപ്പിൽ ആദ്യമായാണ് സോണിയ ഗാന്ധി പ്രചാരണത്തിനിറങ്ങുന്നത്. കോൺഗ്രസിൽ ചേർന്ന ബി.ജെ.പി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ മണ്ഡലമായ ഹുബ്ബള്ളി -ധാർവാഡ് സെൻട്രലിൽ സോണിയ ഗാന്ധി റാലിയിൽ പങ്കെടുക്കും. മഹേഷ് തെങ്കിനകായിയെയാണ് ബി.ജെ.പി ഷെട്ടാറിനെതിരെ രംഗത്തിറക്കിയത്. മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ ചൊല്ലി ഷെട്ടാർ പാർട്ടി വിട്ടത് ബി.ജെ.പിക്ക് ക്ഷീണം ചെയ്തിരുന്നു. സ്വാധീനമുള്ള ലിംഗായത്ത് നേതാവാണ് ജഗദീഷ് ഷെട്ടർ. അനുനയ ശ്രമങ്ങളെല്ലാം പാളിയതോടെ ഷെട്ടാറിനെ എന്തുവിലകൊടുത്തും തോൽപിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഷെട്ടാറിന്റെ വിജയം കോൺഗ്രസിന്റെ കൂടി അഭിമാന പ്രശ്നമായതിനാൽ സോണിയ ഗാന്ധിയെയടക്കം രംഗത്തിറക്കിയാണ് കോൺഗ്രസ് പ്രചാരണം.
ശനിയാഴ്ച ഉച്ചക്ക് 12.30ന് ഹുബ്ബള്ളിയിലെത്തുന്ന സോണിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത ശേഷം വൈകീട്ട് 3.30ന് മടങ്ങും. കർണാടകയിൽ ഈയൊരു പ്രചാരണ റാലിയിൽ മാത്രമാണ് സോണിയ പങ്കെടുക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. മേയ് എട്ടിന് കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ അവസാനിക്കും. 10 നാണ് വോട്ടെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.