ബംഗളൂരു: മടിച്ചുനിന്ന കാലവർഷം ഒടുവിൽ സംസ്ഥാനത്ത് ശക്തിപ്രാപിച്ചു. ബംഗളൂരു നഗരത്തിലെ വിവിധ ഭാഗങ്ങൾ, തീരദേശ, മലനാട്, സമതലപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത മഴ കിട്ടി. ബംഗളൂരുവിൽ പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി. വൈകുന്നേരത്തോടെയാണ് നഗരത്തിൽ മഴ പെയ്യുന്നത്. ദക്ഷിണകന്നടയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. മംഗളൂരു സിറ്റിയുടെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ വെള്ളം കയറി യാത്ര ദുസ്സഹമായി.
പമ്പ്വെൽ, കൊട്ടാര ചൗക്കി സർക്കിളുകളിൽ വെള്ളംകയറി. ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങൾ, ഉത്തര കന്നടയിലെ തീരമേഖലകൾ എന്നിവിടങ്ങളിൽ തിങ്കളാഴ്ച കനത്ത മഴയാണ് കിട്ടിയത്. കുന്താപുർ താലൂക്കിലെ ഹക്ലാഡിയിലാണ് ഏറ്റവും കൂടുതൽ മഴ കിട്ടിയത്. തിങ്കളാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ 146 മില്ലി മീറ്റർ മഴയാണ് ഇവിടെ പെയ്തത്. മംഗളൂരുവിലും ബന്ത്വാളിലും ഓരോ വീടുകൾ മഴയിൽ തകർന്നു.
ബന്ത്വാളിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതക്കരികിൽ ബന്ത്വാള താലൂക്കിലെ മാനിയിലുള്ള ദി ക്ലോക്ക് ഗവൺമെന്റ് സ്കൂളിനടുത്താണ് അടുത്തുള്ള കുന്ന് ഇടിഞ്ഞത്. സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുടക് ജില്ലയിൽ മടിക്കേരി നഗരത്തിലടക്കം മഴക്കൊപ്പം മഞ്ഞും കനത്തു. ഇത് വാഹനഗതാഗതം ദുഷ്കരമാക്കി. ഞായറാഴ്ച രാത്രി ഭാഗമണ്ഡലയിൽ 80 മില്ലി മീറ്റർ മഴ കിട്ടി.
രണ്ടുദിവസങ്ങളിലായി ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ കിട്ടി. ബെളഗാവി, ധാർവാഡ്, കൊപ്പൽ, വിജയനഗര, ബെള്ളാരി, ദാവൻഗരെ ജില്ലകളിൽ സാമാന്യം നല്ല മഴ കിട്ടി. ഈ മേഖലകളിലെ വിദൂര പ്രദേശങ്ങളിൽ വൻമഴയായിരുന്നു. ഹൊസപേട്ട് നഗരത്തിൽ മഴയും കാറ്റും നാശം വിതച്ചു.
15ാം വാർഡിലെ ചില വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഇന്ദിരാനഗറില ആറുവീടുകളിൽ വെള്ളം കയറി. മുനിസിപ്പാലിറ്റി ജീവനക്കാർ പമ്പ് ഉപയോഗിച്ച് വെള്ളം നീക്കി. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു.അതേസമയം, കൊപ്പാളിൽ മഴ കുറവായിരുന്നു. ഇവിടുത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ ഹുളിഗി, ഗവിസിദ്ദേശ്വര ക്ഷേത്രത്തിലേക്കുള്ള ഭക്തർക്ക് ഇത് അനുഗ്രഹമായി. തിങ്കളാഴ്ച ഗുരു പൂർണിമ ദിനത്തിൽ ക്ഷേത്രങ്ങളിൽ വൻതിരക്കുണ്ടായി.
ബംഗളൂരു: കനത്ത മഴ കാരണം മംഗളൂരു, മുൽക്കി, ഉള്ളാൾ, മൂഡിബിദ്രി, ബന്ത്വാൾ എന്നീ മേഖലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും ദക്ഷിണകന്നട ഡെപ്യൂട്ടി കമീഷണർ മുല്ലയ് മുഹിലൻ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ജൂലൈ ആറുവരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.