ബംഗളൂരു: മൈസൂരു സബർബൻ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ച പതിവാക്കിയ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേരെ മൈസൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
ശിവമൊഗ്ഗ ഭദ്രാവതി സ്വദേശിനി സാവിത്രി (42), ഗുരുരാജ് (32) എന്നിവരാണ് പിടിയിലായത്. ഭദ്രാവതിയിൽനിന്ന് മൈസൂരുവിലെത്തി യാത്രക്കാരിൽനിന്ന് വളകളും ചെയിനുകളും ഉൾപ്പെടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. പ്രതികളിൽനിന്ന് 12 ലക്ഷം രൂപ കണ്ടെടുത്തു.
ഡിസംബർ 16ന് ബസ് സ്റ്റാൻഡിൽ ഒരു സ്ത്രീയുടെ 184 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി ലഷ്കർ പൊലീസിന് പരാതി ലഭിച്ചിരുന്നു.
ഇതിനെത്തുടർന്ന് ഡി.സി.പി എസ്. ജാഹ്നവി, ദേവരാജ എ.സി.പി ശാന്തമല്ലപ്പ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.
ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്വർണാഭരണങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുക, പൊതുഗതാഗതത്തിൽ വിലകൂടിയ ആഭരണങ്ങൾ കൊണ്ടുപോകുന്നത് ഒഴിവാക്കുക, പണം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് അപരിചിതർ സമീപിക്കുമ്പോൾ ജാഗ്രത പാലിക്കുക, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ യാത്രക്കാർ പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.