ബംഗളൂരു: കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് ഒരാഴ്ചക്കിടെയാണ് യാത്ര പ്ലാൻ ചെയ്യുന്നതെങ്കിൽ യാത്രക്കാർ കുടുങ്ങിയതുതന്നെ. കോഴിക്കോട് വഴിയുള്ള രണ്ട് ബസുകൾക്ക് ബന്ദിപ്പൂർ വഴി നൈറ്റ് പാസുണ്ടെങ്കിലും കോഴിക്കോട്, താമരശ്ശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽനിന്ന് റിസർവ് ചെയ്യണമെങ്കിൽ സർവിസ് യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പുവരെ കാത്തിരിക്കണം. കോഴിക്കോട്, കൽപറ്റ വഴി സർവിസ് നടത്തുന്ന മൂന്നാർ - ബംഗളൂരു സ്വിഫ്റ്റ് ഡീലക്സ്, കൊട്ടാരക്കര - ബംഗളൂരു സ്വിഫ്റ്റ് ഡീലക്സ് എന്നിവക്കാണ് നൈറ്റ് പാസുള്ളത്.
എന്നാൽ, മൂന്നാർ സ്വിഫ്റ്റിൽ കോട്ടക്കൽ, കോഴിക്കോട്, താമരശ്ശേരി, കൽപറ്റ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽനിന്ന് ബംഗളൂരുവിലേക്ക് സീറ്റ് റിസർവ് ചെയ്യാനായി കെ.എസ്.ആർ.ടി.സിയുടെ വെബ്സൈറ്റിൽ കയറിയാൽ ഇത്രയും കുറഞ്ഞ ദൂരത്തേക്കുള്ള ബുക്കിങ് സർവിസ് തുടങ്ങുന്നതിന് 24 മണിക്കൂർ മുമ്പുമാത്രമാണ് ആരംഭിക്കുക എന്നാണ് കാണിക്കുന്നത്. ഒരാഴ്ചക്കു മുമ്പാണെങ്കിൽ സീറ്റ് റിസർവ് ചെയ്യാനും കഴിയും. മാത്രമല്ല, ഇവ പലപ്പോഴും വൈകിയെത്തുന്നതുകൊണ്ട് നൈറ്റ് പാസിന്റെ ഗുണം യാത്രക്കാർക്ക് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. മാത്രമല്ല, കൽപറ്റയിലേക്കും ബത്തേരിയിലേക്കും ഒരാഴ്ചക്കുള്ളിൽ ബുക്കിങ് ലഭിക്കാത്തതുകൊണ്ട് വയനാട്ടുകാർക്കും നൈറ്റ് പാസിന്റെ ഗുണം ലഭിക്കുന്നില്ല. കർണാടക ആർ.ടി.സി നൈറ്റ് പാസ് ഉപയോഗിച്ച് കൃത്യമായ സർവിസ് നടത്തുമ്പോഴാണ് കേരള ആർ.ടി.സിയുടെ ഈ അനാസ്ഥ. പാലക്കാടുനിന്ന് ബംഗളൂരുവിലേക്ക് സ്വിഫ്റ്റ് സ്ലീപ്പർ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും സമാന പ്രശ്നമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.