ബംഗളൂരു: ഹോംവർക്കിൽനിന്നും ട്യൂഷനിൽനിന്നും രക്ഷപ്പെടാൻ രണ്ട് വിദ്യാർഥികൾ ആസൂത്രണം ചെയ്ത ‘തട്ടിക്കൊണ്ടുപോകൽ’ നാടകം നാടിനെ പരിഭ്രാന്തിയിലാക്കി. ഹിരിയൂർ താലൂക്കിലെ ധർമപുര ഗ്രാമത്തിലാണ് സംഭവം.
വ്യാഴാഴ്ച വൈകീട്ട് ട്യൂഷൻ ക്ലാസിൽ പോയി മടങ്ങുകയായിരുന്ന യശ്വിൻ ഗൗഡ (11), ജീവൻ ഗൗഡ (11) എന്നിവരെ മാരുതി ഒമ്നി വാനിലെത്തിയ നാലുപേർ മുഖത്ത് രാസവസ്തു തളിച്ച ശേഷം തട്ടിക്കൊണ്ടുപോയി 10 കിലോമീറ്റർ ദൂരത്തേക്ക് കൊണ്ടുപോയതായും ഇരുചക്ര വാഹനത്തിലെത്തിയ ചിലർ തങ്ങളെ കണ്ടതോടെ തട്ടിക്കൊണ്ടുപോയവർ തങ്ങളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായുമാണ് കുട്ടികൾ പറഞ്ഞത്.
തട്ടിക്കൊണ്ടുപോയവർ മങ്കി ക്യാപ് ധരിച്ചിരുന്നതായും ഹിന്ദിയിൽ സംസാരിക്കുന്നതായും അവർ പറഞ്ഞു. കുട്ടികൾ വീട്ടിലേക്ക് മടങ്ങിയ ശേഷം ജീവൻ ഗൗഡയുടെ പിതാവ് തിപ്പെസ്വാമിയും യശ്വിൻ ഗൗഡയുടെ പിതാവ് വീരേന്ദ്ര കുമാറും അബ്ബിനഹോളെ പൊലീസിൽ പരാതി നൽകി അന്വേഷണം ആരംഭിച്ചു. എന്നാൽ, പൊലീസ് അന്വേഷണത്തിൽ കുട്ടികളുടെ തിരക്കഥ പൊളിക്കുകയായിരുന്നു. ഹോംവർക്കിൽനിന്നും ട്യൂഷനിൽ നിന്നും രക്ഷപ്പെടാനാണ് തങ്ങൾ ഇത്തരമൊരു കഥ മെനഞ്ഞതെന്ന് കുട്ടികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.