ബംഗളൂരു: ചിക്കമംഗളൂരു താരീക്കരെയിൽ മേൽജാതിക്കാരുടെ ഗ്രാമത്തിൽ പ്രവേശിച്ചതിന് ദലിത് യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്നുപേർകൂടി അറസ്റ്റിൽ. ശിവറാം, മഞ്ജുനാഥ്, തമ്മയ്യ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ നേരത്തെ രണ്ടുപേർ അറസ്റ്റിലായിരുന്നു. താരീക്കരെ ഗരുമാറാടി ഗൊല്ലഹട്ടിയിലാണ് ജാതിവിവേചന സംഭവം അരങ്ങേറിയത്. എക്സ്കവേറ്റർ ഓപറേറ്ററായ മാരുതി എന്ന ദലിത് യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഗൊല്ലറഹട്ടി ഗ്രാമത്തിൽ പ്രവേശിച്ചതിന് ദലിതനായതിന്റെ പേരിൽ തന്നെ മർദിച്ചെന്നായിരുന്നു പരാതി. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഗരുമാറാഡിയിൽ ഒരു വീട് പൊളിക്കുന്നതിനായാണ് യുവാവ് എക്സ്കവേറ്ററുമായെത്തിയത്.
സംഭവത്തെ തുടർന്ന് ഗൊല്ലറഹട്ടി ഗ്രാമത്തിലെ രണ്ട് ക്ഷേത്രങ്ങൾ മേൽജാതിക്കാർ അടച്ചിരുന്നു. രംഗനാഥ സ്വാമി ക്ഷേത്രം, തിമ്മ ക്ഷേത്രം എന്നിവയാണ് അടച്ചത്. ദലിതൻ ഗ്രാമത്തിൽ പ്രവേശിച്ചതിനാൽ ശുദ്ധികലശം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൊല്ല സമുദായക്കാർ താമസിക്കുന്ന ഗ്രാമത്തിൽ ക്ഷേത്രങ്ങൾ അടച്ചത്. 23 കിലോമീറ്റർ അകലെ കല്ലത്തഗിരിയിൽ വിഗ്രഹങ്ങൾ കൊണ്ടുപോയി ശുദ്ധികലശം നടത്തിയ ശേഷം മാത്രമേ ക്ഷേത്രങ്ങൾ തുറക്കൂ എന്നാണ് ഗ്രാമവാസികൾ പൊലീസിനെ അറിയിച്ചത്. താരീക്കരെ സബ്ഡിവിഷൻ ഡിവൈ.എസ്.പി ഹാലമൂർത്തി റാവുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.