ബംഗളൂരു: ആദ്യഘട്ട വോട്ടിങ് പടിവാതിൽക്കലെത്തി നിൽക്കെ പോളിങ് നിരക്ക് വർധിപ്പിക്കാനുള്ള തീവ്ര യജ്ഞവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ചതുകൊണ്ട് വാരാന്ത്യങ്ങളിൽ അവധിക്കു പോകുന്നത് തടഞ്ഞുകൊണ്ട് പരമാവധി ഐ.ടി/ ബി.ടി ജീവനക്കാരെ പോളിങ് ബൂത്തിലെത്തിക്കാനാണ് കമീഷന്റെ ശ്രമം.
ബംഗളൂരു നഗരത്തിലെ നോഡൽ ഏജൻസിയായ ബി.ബി.എം.പിയും വിവിധ നടപടികളുമായി രംഗത്തുണ്ട്. തുടർച്ചയായി ബോധവത്കരണ കാമ്പയിനുകൾ നടത്തുന്നത് പോളിങ് നിരക്ക് വർധിക്കാൻ സഹായിക്കുമോ എന്ന കാര്യത്തിൽ കമീഷന് ആശങ്കയുണ്ട്. ജീവനക്കാരെ നിരീക്ഷിച്ച് വോട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും അതിന്റെ വിവരങ്ങൾ അയക്കാനും ഐ.ടി/ ബി.ടി കമ്പനികളോട് ബി.ബി.എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.ബി.എം.പിക്ക് കീഴിൽ 1800 പോളിങ് ബൂത്തുകളിലും സംസ്ഥാനത്താകെ 5000 പോളിങ് ബൂത്തുകളിലും 35 ശതമാനത്തിൽ താഴെയാണ് പോളിങ് നിരക്ക്. കല്യാണ കർണാടക, ബീജാപുർ തുടങ്ങിയ മേഖലകൾ ഇതിലുൾപ്പെടുന്നു. തെരഞ്ഞെടുപ്പ് ദിവസം അവധി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ തൊഴിൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും അന്നേദിവസം കമ്പനികൾ വർക് ഫ്രം ഹോം പോലും ജീവനക്കാരോടാവശ്യപ്പെടരുതെന്നും കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ മീണ പറഞ്ഞു. വിവിധ പ്രശ്നങ്ങളുടെ പേരിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിക്കുന്നവരെ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക സംഘം നേരിൽചെന്ന് ബോധവത്കരണം നടത്തുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ മാളുകൾ, തിയേറ്ററുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങി ജനങ്ങൾ കൂടിച്ചേരുന്ന പ്രദേശങ്ങളിലും റെസിഡൻസ് അസോസിയേഷനുകൾ വഴിയും ബോധവത്കരണ പ്രവർത്തനങ്ങൾ തുടരും. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കർണാടകയുടെ അതിർത്തിയും കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര അതിർത്തികളും അടക്കും. 50 ശതമാനം ബൂത്തുകളിൽ വെബ് കാസ്റ്റിങ്ങുമുണ്ടാകും. പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രത്യേക സൈന്യത്തെയും നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.