ബംഗളൂരു: മുംബൈ പൊലീസിൽനിന്നെന്ന വ്യാജേന വിളിച്ച് ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഗവൺമെന്റ് ഉദ്യോഗസ്ഥനിൽനിന്ന് 19 ലക്ഷം രൂപ തട്ടി. തുമകൂരു ഉപ്പരഹള്ളിയിലെ നാഗഭൂഷൺ എന്നയാളാണ് തട്ടിപ്പിനിരയായത്. നാഗഭൂഷന്റെ ബാങ്ക് അക്കൗണ്ട് നിയമവിരുദ്ധമായ പണമിടപാടുകൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു സിം കാർഡെടുത്തിട്ടുണ്ടെന്നും അതുപയോഗിച്ച് ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നുമായിരുന്നു തട്ടിപ്പുകാർ അദ്ദേഹത്തോട് പറഞ്ഞത്.
തുടർന്ന് വിഡിയോ കാളിൽ വരാനാവശ്യപ്പെടുകയായിരുന്നു. പിന്നീട് അന്വേഷണത്തിനെന്ന പേരിൽ ബാങ്ക് അക്കൗണ്ടുകളെപ്പറ്റി ചോദിച്ചറിയുകയും അക്കൗണ്ടിലെ പണം ട്രാൻസ്ഫർ ചെയ്യാനാവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബംഗളൂരു സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡിജിറ്റൽ അറസ്റ്റ് എന്നൊരു രീതി പൊലീസിലില്ലെന്നും അവ നിയമസാധുതയുള്ളതല്ലെന്നും പൊലീസ് പറയുന്നു.
അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ പൊലീസ് നേരിട്ടു വരുകയോ നോട്ടീസ് അയക്കുകയോ ആണ് ചെയ്യുക. മാത്രമല്ല, പൊലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയാണെങ്കിൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും ചെയ്യും.
സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കാളുകളിൽ ജാഗ്രത പാലിക്കണം. പേര്, വിലാസം, ആധാർ, പാൻ കാർഡ് നമ്പറുകൾ തുടങ്ങിയവ വ്യക്തിഗത വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും പൊലീസ് പറഞ്ഞിരുന്നു. ഈയടുത്തായി ട്രായ്, മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് പണം തട്ടിയ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.