മുംബൈ: മുസ്‌ലിംകൾക്കോ മറ്റ് മതന്യൂനപക്ഷങ്ങൾക്കോ മാത്രമല്ല മാനവികതക്ക് തന്നെ എതിരാണ് ഫാഷിസമെന്ന് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച് അലിയാർ ഖാസിമി അഭിപ്രായപ്പെട്ടു. 'ഫാഷിസവും വർത്തമാന ഇന്ത്യയും' എന്ന വിഷയത്തിൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി മുംബൈയിലെ മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അലിയാർ ഖാസിമി.
ഫാഷിസത്തോട് യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ അതിന്റെ ഭീകരതയെ തുറന്ന് കാണിച്ചു കൊണ്ടേയിരിക്കണം. മൃദുഹിന്ദുത്വം കൊണ്ടല്ല തീവ്ര മതേതരത്വം കൊണ്ട് മാത്രമേ ഫാഷിസത്തെ ചെറുത്തു തോൽപ്പിക്കാൻ കഴിയൂ എന്നാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഫാഷിസത്തെ തടയാൻ മുസ്‌ലിം ലീഗിന്റെ നാളിതുവരെയുള്ള സമീപനങ്ങളാണ് അഭികാമ്യം. മുസ്‌ലിം ലീഗിന് ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയാണ് ഇന്ത്യയിൽ മതേതരത്വത്തിന്റെ ഏറ്റവും നല്ല മാതൃക. മുസ്‌ലിം ലീഗ് പുലർത്തുന്ന സമീപനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് കേരളത്തിൽ ഫാഷിസത്തിന് തടയിടാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ യൂനിൻ മുസ്‌ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ട്രഷറർ സി.എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സെമിനാർ സയ്യിദ് ഹാഷിം അൽ ഹദ്ദാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച് അബ്ദുറഹ്മാൻ, ഡോ. ഖാസി മുൽ ഖാസിമി, നാസറുദ്ധീൻ ഖാസിമി, വി.എ കാദർ ഹാജി, മൗലാന അബുൽ ബുഷ്റ ഇബ്രാഹിം, അസീം മൗലവി, സി.എച്ച് കുഞ്ഞബ്ദുല്ല എന്നിവർ പങ്കെടുത്തു.
photo: മഹാരാഷ്ട മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മുംബൈയിൽ സംഘടിപ്പിച്ച സെമിനാറിൽ അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.