ബംഗളൂരു: കഴിഞ്ഞ ഒരാഴ്ചക്കിടെ കനത്ത മഴയും ശക്തമായ കാറ്റിനെയും തുടർന്ന് നഗരത്തിൽ മുന്നൂറോളം മരങ്ങളാണ് വീണത്. ചില യാത്രക്കാർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും പലയിടങ്ങളിലും രൂക്ഷമായ ഗതാഗത തടസ്സങ്ങൾ രൂപപ്പെടുകയും ചെയ്തിരുന്നു.
തുടർച്ചയായി വൻമരങ്ങൾ വീഴുന്നത് യാത്രക്കാർക്കും ജനങ്ങൾക്കും ഭീഷണിയായി മാറിയിട്ടുണ്ട്. വ്യാപകമായി വൻമരങ്ങൾ വീണതിനാൽ ബൃഹത് ബംഗളൂരു മഹാനഗരെ പാലികെയുടെ മഴക്കാല തയാറെടുപ്പുകളിലും ജനങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വേനൽ മഴക്ക് മുമ്പുതന്നെ ഉണങ്ങിയ മരങ്ങളും വീഴാൻ സാധ്യതയുള്ള മരച്ചില്ലകളും വെട്ടിമാറ്റിയിട്ടുണ്ടെന്നാണ് ബി.ബി.എം.പി അധികൃതർ പറയുന്നത്. ശക്തമായ കാറ്റും മതിയായ വേനൽ മഴയും ലഭിക്കാത്തതുമാണ് മരങ്ങൾ വീഴാനുള്ള കാരണമായി ബി.ബി.എം.പി ചൂണ്ടിക്കാണിക്കുന്നത്. ഉയർന്ന കെട്ടിടങ്ങളുടെ നിർമാണംമൂലം സൂര്യപ്രകാശമേൽക്കുന്നിടത്തേക്ക് മരങ്ങൾ ചെരിഞ്ഞ് വളരുന്നുണ്ട്.
ഇതിന്റെ കൂടെ ശക്തമായ കാറ്റ് കൂടെ എത്തിയതാണ് പ്രശ്നം സങ്കീർണമാക്കിയതെന്ന് ബി.ബി.എം.പി വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ ബി.എൽ.ജി സ്വാമി പറഞ്ഞു. മരങ്ങൾ പരിപാലിക്കുന്നതിലെ അശ്രദ്ധയും അറിവില്ലായ്മയുമാണ് പ്രശ്നത്തിന്റെ മൂലകാരണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അസി. പ്രഫസർ ടി.വി. രാമചന്ദ്രയും അഭിപ്രായപ്പെട്ടു. ബി.ബി.എം.പിയുടെ കണക്ക് പ്രകാരം മേയ് 6നും 10നും ഇടയിൽ 271 മരങ്ങളും 483 മരച്ചില്ലകളും വീണിട്ടുണ്ട്.
അതേസമയം മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പ് ബി.ബി.എം.പിയുടെ ഹെൽപ് ലൈനിൽ 1200 അപേക്ഷകളാണ് ലഭിച്ചിരുന്നത്. എന്നാൽ, ഇതിൽ അപകടകരമായ 300 മരങ്ങൾ മുറിക്കാനും 600 എണ്ണം വെട്ടിയൊതുക്കാനുമാണ് തീരുമാനിച്ചത്. പരിസ്ഥിതി സംരക്ഷണം മുന്നിൽ നിർത്തി എല്ലാം മുറിച്ചുമാറ്റേണ്ടതില്ലെന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇന്നലെ വൈകീട്ട് പെയ്ത മഴയെത്തുടർന്ന് പുത്തനഹള്ളിയിലും ജെ.പി നഗറിലും മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.