മുംബൈ: പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച 'യേ ദിൽ ഹേ മുശ്കിലി'ന്‍റെ പ്രദർശനം തടയുമെന്ന നവനിർമാൺ സേനയുടെ ഭീഷണിയെ തുടർന്നുണ്ടായ ഒത്തുതീർപ്പ് ചർച്ചയിൽ രാജ് താക്കറെ മുന്നോട്ട് വെച്ചത് കടുത്ത ഉപാധികൾ. താക്കറെ മുന്നോട്ട് വെച്ച മൂന്ന് നിബന്ധനകൾ അംഗീകരിച്ചതിനെ തുടർന്നാണ് വിലക്കിൽ നിന്ന് എം.എൻ.എസ് പിന്മാറിയെതെന്നാണ് റിപ്പോർട്ട്.
പാകിസ്താനി താരങ്ങളെ അഭിനയിപ്പിക്കുന്ന സിനിമകളുടെ നിർമാതാക്കൾ ഇന്ത്യൻ സൈന്യത്തിന്‍റെ ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ നൽകണം, ഈ സിനിമകളിൽ ഇന്ത്യൻ സൈന്യത്തിന് ആദരവ് അർപ്പിക്കുന്ന സ്ളൈഡുകൾ നിർബന്ധമായും പ്രദർശിപ്പിക്കണം, ഭാവിയിൽ പാക് ആർടിസ്റ്റുകളെ ഉൾപ്പെടുത്തി സിനിമകൾ ചെയ്യാൻ പാടില്ല എന്നിവയായിരുന്നു നിബന്ധനകൾ. ഇവ മൂന്നും നിർമാതാക്കൾ അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്.
ഭാവിയിൽ പാക് താരങ്ങളെയോ ടെക്നിഷ്യൻമാരെയോ ഗായകരെയോ ഉപയോഗിക്കില്ലെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഉറപ്പുനൽകിയെന്ന് രാജ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് രാജ് താക്കറെയും നിർമാതാക്കളുമായുള്ള യോഗം വിളിച്ചു ചേർത്തത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് പ്രസിഡന്‍റ് മഹേഷ് ഭട്ട് യോഗത്തിൽ പങ്കെടുത്തു. ഫട്നാവിസിന്‍റെ വീട്ടിലായിരുന്നു യോഗം. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫട്നാവിസ് യോഗത്തിന് മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് രാജ്നാഥ് സിങ്ങിനോട് പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഭാരവാഹികൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
പാക് നടീനടന്മാര്‍ അഭിനയിച്ച സിനിമകളുടെ പ്രദര്‍ശനം അനുവദിക്കില്ലെന്നായിരുന്നു എം.എന്‍.എസ് നിലപാട്. തുടർന്നാണ് പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച കരൺ ജോഹർ ചിത്രം യേ ദിൽ ഹേ മുശ്കിലിന്‍റെ പ്രദർശനം അനിശ്ചിതത്വത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.