അബ്ബാസ് കിയാറസ്തമി അന്തരിച്ചു

പാരീസ്: വിഖ്യാത ഇറാനിയന്‍ ചലച്ചിത്രസംവിധായകന്‍ അബ്ബാസ് കിയാറസ്തമി (76) അന്തരിച്ചു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ അടക്കമുള്ള പ്രധാന ബഹുമതികള്‍ നേടിയ അദ്ദേഹം ഫ്രാന്‍സില്‍ അര്‍ബുദ ചികിത്സയിലായിരുന്നു.

1940ല്‍ തെഹ്റാനില്‍ ജനിച്ച കിയാറസ്തമി ഗ്രാഫിക് ഡിസൈനറായാണ് സര്‍ഗാത്മകജീവിതം തുടങ്ങിയത്. 1969ലാണ് അദ്ദേഹം സിനിമയിലത്തെിയത്. ‘കാനുന്‍’ എന്ന കുട്ടികളുടെയും  യുവാക്കളുടെയും ബൗദ്ധികവികാസത്തിനുവേണ്ടിയുള്ള സെന്‍ററിനുവേണ്ടി രണ്ടുപതിറ്റാണ്ട് അദ്ദേഹം നിര്‍മിച്ച ചിത്രങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു. 1977ല്‍ ആദ്യ ഫീച്ചര്‍ സിനിമ ‘ദ റിപ്പോര്‍ട്ട്’ പുറത്തിറങ്ങി. ഇസ്ലാമിക വിപ്ളവാനന്തര ഇറാനായിരുന്നു പല ചിത്രങ്ങളുടെയും പ്രമേയം. കോകര്‍ ത്രയം എന്നറിയപ്പെട്ട മൂന്ന് സിനിമകളാണ് കിയാറസ്തമിയെ ലോകപ്രശസ്തനാക്കിയത്.

ഇറാനിയൻ സിനിമയിൽ സെൻസറിങ് ശക്തമാക്കിയ സമയത്ത് പല ചലച്ചിത്ര പ്രവർത്തകരും രാജ്യം വിട്ടിരുന്നു. എന്നാൽ വിട്ടുവീഴ്ചകൾക്കു തയാറായി ഇറാനിൽ തന്നെ തുടരുകയായിരുന്നു കിയറാസ്താമി. 1987ലിറങ്ങിയ ‘വേർ ഈസ് ദ് ഫ്രണ്ട്സ് ഹോം?’ എന്ന ചിത്രമാണ് കിയറാസ്താമിയെ ലോകശ്രദ്ധയിലേക്ക് എത്തിക്കുന്നത്.  1997ൽ കാനിൽ പാം ദി ഓർ പുരസ്കാരം നേടിയ ടേസ്റ്റ് ഓഫ് ചെറി, ദ് വിൻഡ് വിൽ ക്യാരി അസ്, ടെൻ, ടിക്കറ്റ്സ്, ഷിറിൻ, സർട്ടിഫൈഡ് കോപ്പി തുടങ്ങിയവയാണ്  കിയറാസ്തമിയുടെ ചിത്രങ്ങൾ. അഹ്മദി നജാദ് അധികാരമേറ്റശേഷം അദ്ദേഹം രാജ്യത്തിനുപുറത്തുവെച്ചാണ് സിനിമകളെടുത്തിരുന്നത്.1969ല്‍ പര്‍വീന്‍ അമീര്‍ ഗോലിയെ വിവാഹം കഴിച്ചു. 1982ല്‍ വിവാഹമോചിതരായ ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.