തിരുവനന്തപുരം: പ്രശസ്ത സിനിമ നടൻ ജഗന്നാഥ വർമ (77) അന്തരിച്ചു. നെയ്യാററിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. 577 മലയാള ചിത്രങ്ങളിലും നിരവധി സീരിയലുകളിലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു. ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വാരനാട് എന്ന ഗ്രാമത്തിലാണു ജനനം. പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികൾ പങ്കിട്ടുണ്ട്. കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരായിരുന്നു ഗുരു. വിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ കീഴിൽ ചെണ്ടയിൽ പരിശീലനം നേടിയ ജഗന്നാഥവർമ 74-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു.
സിനിമാരംഗത്ത് സജീവമാകുന്നതിന് മുൻപ് തന്നെ പൊലീസ് സേനയിൽ ചേർന്നു. എസ്.പിയായാണ് വിരമിച്ചത്. ഇദ്ദേഹം അറിയപ്പെടുന്ന കഥകളി കലാകാരൻ കൂടിയാണ്. മകൻ മനുവർമ സിനിമാ നടനാണ്. പ്രശസ്ത സംവിധായകൻ വിജി തമ്പി മരുമകനാണ്. ഭാര്യ ശാന്താ വർമ. മക്കൾ മനുവർമ, പ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.