കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരവും നടൻ ദിലീപിന്‍റെ ഭാര്യയുമായ കാവ്യ മാധവൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി പുറത്ത്. ദിലീപും മഞ്ജുവും തമ്മിൽ പിരിഞ്ഞത് താൻ കാരണമാണെന്ന് ആക്രമിക്കപ്പെട്ട നടി പ്രചരിപ്പിച്ചിരുന്നു എന്നാണ് കാവ്യയുടെ 12 പേജുള്ള മൊഴിയിൽ പറയുന്നത്. പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ സാമൂഹിക മാധ്യമങ്ങളിലൂടെ ദിലീപിനെ അപകീർത്തിപ്പെടുത്തിയിരുന്നതായും കാവ്യ മൊഴിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.
മഴവില്ലഴകിൽ അമ്മ എന്ന ഷോയുടെ റിഹേഴ്സൽ കാംപിലടക്കം ദിലീപിനെയും തന്നെയും പറ്റി നടി പറഞ്ഞിരുന്നു. താനും ദിലീപും ഒരുമിച്ച് നൃത്തം ചെയ്യുന്ന ഫോട്ടോയെടുത്ത് നടി മഞ്ജുവിന് അയച്ചുകൊടുത്തു. ഇക്കാര്യം ദിലീപ് പറഞ്ഞാണ് അറിഞ്ഞത്. 2012ലാണ് പ്രശ്നം രൂക്ഷമായത്. അതിന് നടിയും കാരണമായിട്ടുണ്ട്. തന്നെകുറിച്ചും ദിലീപിനെകുറിച്ചും ബിന്ദു പണിക്കരോടും കൽപനയോടും പറഞ്ഞിട്ടുണ്ട്. ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം താനാണെന്ന് നടി പലരോടും പറഞ്ഞു. ഇക്കാര്യം ബിന്ദു പണിക്കരാണ് ദിലീപിനെ അറിയിച്ചത്. നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിൻ’ ചെയ്ത് പറയുന്നയാളാണ്. ഇത്തരം കാര്യങ്ങൾ കുടുബത്തെ ബാധിക്കുന്നത് പ്രശ്നമാണ്. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് നടിയും കാരണമായിട്ടുണ്ടെന്നും കാവ്യയുടെ മൊഴിയിൽ പറയുന്നു.
അമ്മ കാംപിലെ സംഭവത്തിനു ശേഷം നടിയുമായി ദിലീപ് സംസാരിച്ചിട്ടില്ല. പക്ഷേ കാംപിലെ സംഭവത്തെപ്പറ്റി നടൻ സിദ്ധിഖിനോടു പരാതി പറഞ്ഞിരുന്നു. ഇനി ആവശ്യമില്ലാത്ത വർത്തമാനം പറയരുതെന്ന് സിദ്ധിഖ് നടിയെ ശാസിക്കുകയും ചെയ്തു. മഞ്ജുവാര്യർ ദിലീപിനെ ഉപേക്ഷിച്ചത് അറിഞ്ഞത് പിന്നീടാണ്. നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപ് അറിഞ്ഞത് രാവിലെയാണ്. തലേന്നു രാത്രി നിർമാതാവ് ആന്‍റോ ജോസഫ് വിളിച്ചിരുന്നു. എന്നാൽ, സംസാരിക്കാനായില്ല. രാവിലെ മിസ്ഡ് കോൾ കണ്ടു തിരിച്ചു വിളിച്ചപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്. തുടർന്ന് സംവിധായകൻ ലാലിനെ വിളിച്ചു. രമ്യ നമ്പീശന്‍റെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു. പിന്നീട് നടിയുടെ അമ്മയുമായി സംസാരിച്ചു. എന്താവശ്യത്തിനും കൂടെയുണ്ടാകുമെന്ന് ദിലീപ് ഉറപ്പു നൽകിയതായും കാവ്യ മൊഴിയിൽ പറയുന്നു.
ആക്രമണ വിവരം താനറിഞ്ഞത് രാവിലെ റിമി ടോമി വിളിച്ചപ്പോഴാണ്. പൾസർ സുനിയെ കുറിച്ച് അറിയില്ല. വീട്ടിൽ വന്നിട്ടുണ്ടോയെന്നും അറിയില്ല. എന്നാൽ, പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ ‘ലക്ഷ്യ’യുടെ ഓഫിസിൽ വന്നിരുന്നു. തന്‍റെ ഡ്രൈവർ സുനീറിനോട് അച്ഛന്‍റെയോ അമ്മയുടെയോ നമ്പർ ആവശ്യപ്പെട്ടു. എന്നാൽ, കൈയ്യിലെ മുറിവും നെറ്റിയിലെ കെട്ടും കണ്ടപ്പോൾ പന്തികേടു തോന്നി നമ്പർ കൊടുത്തില്ല. ലക്ഷ്യയിൽ സി.സി.ടിവി കാമറയുണ്ട്. അതിലെ ദൃശ്യങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി ചിലർ പണം വാങ്ങാൻ ശ്രമിച്ചതായി ദിലീപ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ വിളിച്ചറിയിച്ചിരുന്നു. തുടർന്നാണ് പൊലീസിൽ പരാതിയും നൽകിയതെന്നും കാവ്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.