മാധ്യമ പ്രവർത്തകരെ അവഹേളിച്ചതായി ആക്ഷേപമുയർന്ന സാഹചര്യത്തിൽ രജനികാന്ത് ട്വിറ്ററിൽ ഖേദം പ്രകടിപ്പിച്ചു. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അസഹിഷ്ണുതയോടെ മറുപടിപറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായാണ് രജനികാന്ത് അറിയിച്ചത്.
ഭീഷണിപ്പെടുത്തുന്നവിധത്തിൽ ഏകപക്ഷീയമായി ആവേശത്തോടെ പ്രതികരിച്ചത് മനഃപൂർവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച ൈവകീട്ട് തൂത്തുക്കുടി സന്ദർശനത്തിനുശേഷം ചെന്നൈ വിമാനത്താവളത്തിൽവെച്ചാണ് രജനികാന്ത് മാധ്യമപ്രവർത്തകരെ കണ്ടത്. സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറിയാണ് തൂത്തുക്കുടിയിൽ പ്രശ്നം വഷളാക്കിയതെന്നും തുടർസമരം നടന്നാൽ തമിഴകം ശവപ്പറമ്പാവുമെന്നും രജനികാന്ത് പ്രസ്താവിച്ചത് വൻ വിവാദമാണ് സൃഷ്ടിച്ചത്.
മാധ്യമപ്രവർത്തകരോടുള്ള രജനികാന്തിെൻറ സമീപനത്തിൽ ചെന്നൈ പ്രസ് ക്ലബ് പ്രതിഷേധിച്ചിരുന്നു. ഇതിന് മറുപടിയായാണ് രജനികാന്ത് ട്വിറ്ററിൽ ഖേദം പ്രകടിപ്പിച്ചത്. പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ഉച്ചക്കുശേഷം തമിഴക മക്കൾ ജനനായക കക്ഷി പ്രവർത്തകർ രജനികാന്തിെൻറ വസതിയിലേക്ക് മാർച്ച് നടത്തി. സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.