മെർസലിലെ ചില ഭാഗങ്ങൾക്ക് കത്രിക വെക്കണമെന്ന് ബി.ജെ.പി 

ചെന്നൈ: ഇളയദളപതി വിജയ് ചിത്രം മെർസലിനെതിരെ ബി.ജെ.പി തമിഴ്‌നാട് ഘടകം രംഗത്ത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള സംഭാഷണങ്ങൾ നീക്കം ചെയ്യണമെന്ന് ബി.ജെ.പിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റ് തമിളിസൈ സൗന്ദർരാജൻ.  വിജയ്ക്ക് രാഷ്ട്രീയ താൽപര്യങ്ങളുള്ളതിന്‍റെ തെളിവാണിത്. താൻ സിനിമ കണ്ടിട്ടില്ല. എന്നാല്‍ സിനിമ കണ്ടവരാണ് തന്നോട് ഇക്കാര്യങ്ങൾ പറഞ്ഞതെന്നും തമിളിസൈ അഭിപ്രായപ്പെട്ടു. 

ചിത്രത്തിൽ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി വ്യവസ്ഥയെ താരതമ്യം ചെയ്യുന്നുണ്ട്. സിംഗപ്പൂരിൽ ഏഴ് ശതമാനം മാത്രമാണ് ജി. എസ്.ടിയെന്നും എന്നിട്ടും ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാൽ അത് ഇന്ത്യയിൽ 28 ശതമാനമാണെന്നും എന്നിട്ടും ജനങ്ങൾക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള വിജയിയുടെ സംഭാഷണമുണ്ട്. ചിത്രത്തിന്‍റെ തുടക്കത്തിൽ വിദേശത്തുള്ള വടിവേലു ചെയ്ത കഥാപാത്രത്തെ പോക്കറ്റടിക്കാൻ ഒരു ശ്രമിക്കുന്നുണ്ട്.   അപ്പോൾ വടിവേലു തന്‍റെ കാലിയായ പഴ്സ് തുറന്നു കാട്ടി ഡിജിറ്റൽ ഇന്ത്യക്ക് നന്ദി പറയുന്നതാണ് മറ്റൊരു സീൻ. ഈ രണ്ട് രംഗത്തിനും തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. 

വിജയിയും ആറ്റ്ലിയും ഒന്നിച്ച മെർസൽ ദീപാവലി റിലീസായാണ് തിയേറ്ററുകളിലെത്തിയത്. എ.ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിച്ച സിനിമയിൽ കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍ എന്നിവരുമുണ്ട്.

 എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കോവൈ സരള ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം.

Tags:    
News Summary - Cut Scenes Mocking GST and Digital India in Vijay's Mersal, Asks BJP-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.