കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഒക്ടോബർ ഏഴിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നടപടി തുടങ്ങി. ദിലീപ് അറസ്റ്റിലായിട്ട് ഒക്ടോബർ പത്തിന് 90 ദിവസം തികയും. ഇതിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കുമെന്നതിനാലാണ് പൊലീസ് നീക്കം.
മജിസ്ട്രേറ്റ് കോടതിയിലും ഹൈകോടതിയിലുമായി ദിലീപ് നൽകിയ നാല് ജാമ്യാപേക്ഷയും തള്ളിയിരുന്നു. അഞ്ചാമത്തെ അപേക്ഷ 26ന് ഹൈകോടതി പരിഗണിക്കാനിരിക്കുകയാണ്.
സംഭവത്തിന് പിന്നിലെ ഗൂഢാലോചനക്കേസിലാണ് ദിലീപ് ജൂലൈ പത്തിന് അറസ്റ്റിലായത്. കൂട്ടമാനഭംഗത്തിന് ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ കുറ്റം. ഇതിന് ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കാം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണാണ് കേസിലെ നിർണായക തൊണ്ടിമുതൽ.
ഇത് കണ്ടെത്താനായിട്ടില്ല. ഇൗ തൊണ്ടിമുതൽ ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കുന്നതിനെക്കുറിച്ച് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. തൊണ്ടിമുതൽ പിന്നീട് കണ്ടെത്തിയാൽ കുറ്റപത്രം പുതുക്കി നൽകാനും ഉദ്ദേശിക്കുന്നു. പ്രതിസ്ഥാനത്തുള്ളവരെയെല്ലാം വിശദമായി ചോദ്യം ചെയ്തിട്ടും മൊബൈൽ ഫോണിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കേസ് ദുർബലമാക്കുക എന്ന ലക്ഷ്യത്തോടെ തൊണ്ടിമുതൽ പ്രതികൾ സംഘം ചേർന്ന് നശിപ്പിച്ചെന്നാണ് പൊലീസ് നിഗമനം.
ഗൂഢാലോചനയെക്കുറിച്ച അധിക കുറ്റപത്രമാകും പൊലീസ് സമർപ്പിക്കുക. നിലവിൽ 11ാം പ്രതിയായ ദിലീപ് അധിക കുറ്റപത്രം സമർപ്പിക്കുേമ്പാൾ രണ്ടാം പ്രതിയാകും. പൾസർ സുനിയാണ് ഒന്നാം പ്രതി. സാക്ഷിമൊഴികൾ, പ്രതികളുടെ കുറ്റസമ്മതം, സാഹചര്യത്തെളിവുകൾ എന്നിവ ശാസ്ത്രീയമായി കൂട്ടിയിണക്കി പഴുതുകൾ ഇല്ലാത്ത വിധം കുറ്റപത്രം തയാറാക്കാനാണ് പൊലീസ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.