‘മൊഹബ്ബത്തിൻ കുഞ്ഞബ്​ദുല്ല’ സ്വപ്നമായി അവശേഷിപ്പിച്ച് മടക്കം

കോഴിക്കോട്: കോഴിക്കോടി​​​െൻറ പ്രിയപ്പെട്ട കെ.ടി.സി ജീവിതത്തിൽനിന്ന് മടങ്ങിയത് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ പൂർത്തിയാക്കാനാവാതെ. ഷാനു സമദ് സംവിധാനം ചെയ്യുന്ന ‘മൊഹബ്ബത്തിൻ കുഞ്ഞബ്​ദുല്ല’എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായിരുന്നു കെ.ടി.സി. അബ്​ദുല്ല. ഈ സിനിമയുടെ ഷൂട്ടിങ് തൃശൂരിൽ നടന്നുകൊണ്ടിരിക്കെയാണ് വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ആശുപത്രിയിലാവുന്നത്.

അസുഖം ഭേദമായ ഉടൻ ചിത്രം പൂർത്തിയാക്കണം എന്ന കാര്യം രോഗക്കിടക്കയിൽവെച്ചും അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു. അവസാന നാളുകളിലും താൻ കാരണം സിനിമ തടസ്സപ്പെടുമോ എന്ന ആശങ്കയിലായിരുന്നു കെ.ടി.സിയെന്ന് നടനും അടുത്ത സുഹൃത്തുമായ മാമുക്കോയ ‘മാധ്യമ’ത്തോട് പറഞ്ഞു. വസ്ത്രവ്യാപാരത്തിന് പ്രശസ്തമായ ബോംബെയിലെ ബീവണ്ടിയിലേക്ക് ജോലി തേടിയെത്തിയ അബ്​ദുല്ല അര നൂറ്റാണ്ടിനുശേഷം സ്വന്തം നാട്ടിലേക്ക് അലീമ എന്ന സ്ത്രീയെ തേടിയെത്തുന്നതി​​​െൻറ കഥയാണ് ‘മൊഹബ്ബത്തിൻ കുഞ്ഞബ്​ദുല്ല’പറയുന്നത്. ബാലു വർഗീസ്, രഞ്ജി പണിക്കർ, ഇർഷാദ്, മാമുക്കോയ, രചന നാരായണൻകുട്ടി, മീര വസുദേവ് തുടങ്ങിയവരാണ് ഇതിലെ മറ്റ്​ അഭിനേതാക്കൾ.

പി.വി.ജി നൽകിയ കെ.ടി.സി എന്ന മേൽവിലാസം
പാളയം കിഴക്കേകോട്ട പറമ്പിൽ വീട്ടിൽ ജനിച്ച നാടകകാരൻ അബ്​ദുല്ല കെ.ടി.സി. അബ്​ദുല്ലയായത് പി.വി. സാമിയുടെ കേരള ട്രാൻസ്പോർട്ട് കമ്പനി(കെ.ടി.സി)യിലൂടെയാണ്. പേര് സമ്മാനിച്ചത് സാമിയുടെ മകൻ പി.വി. ഗംഗാധരൻ എന്ന പി.വി.ജിയും. ചെറുപ്പത്തിൽ നാടകവുമായി നടന്ന അബ്​ദുല്ലക്ക്​, പിതാവ് ഉണ്ണിമോയിന്​ സുഖമില്ലാതായതോടെ ജീവിതപ്രാരബ്​ധങ്ങളായി.

ഇതോടെ ഒരു ജോലി അത്യാവശ്യമാണ് എന്ന സ്ഥിതിയെത്തി. അദ്ദേഹത്തി​​​െൻറ നാടകങ്ങൾ പതിവായി കാണാറുള്ള പി.വി. സാമിക്ക്, അബ്​ദുല്ലയെ പരിചയപ്പെടുത്തിയത് കല്ലാട്ട് കൃഷ്ണനാണ്, എന്തെങ്കിലും ജോലി നൽകണമെന്ന ശിപാർശയോടെ. അങ്ങനെയാണ് അബ്​ദുല്ല കെ.ടി.സിയിൽ ജീവനക്കാരനായി എത്തുന്നത്. 1959ലായിരുന്നു ഇത്.

അവിടെവെച്ച് ഒരിക്കൽ പി.വി.ജി അബ്​ദുല്ലക്ക് ഒരു സ്നേഹോപദേശം നൽകി: ‘‘അബ്​ദുല്ലക്ക, നിങ്ങള് ഫോണെടുക്കുമ്പഴും മറ്റും അബ്​ദുല്ലയാണ്, കെ.ടി.സിയിൽ നിന്നാണ് എന്നല്ല പറയേണ്ടത്, മറിച്ച് കെ.ടി.സി. അബ്​ദുല്ലയാണ് എന്നു പറയൂ.’’അങ്ങനെയാണ് അബ്​ദുല്ല കെ.ടി.സി. അബ്​ദുല്ലയാവുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്​ഷൻസ് എന്ന പേരിൽ കെ.ടി.സി ഗ്രൂപ്​ സിനിമ നിർമാണ രംഗത്തേക്കെത്തിയതോടെ അദ്ദേഹം സിനിമയിലേക്കും എത്തി. 1977ൽ രാമു കാര്യാട്ടി​​​െൻറ ദ്വീപ് ആയിരുന്നു ആദ്യ ചിത്രം.

Tags:    
News Summary - KTc Abdulla Cine Artist -Movies Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.