ദിലീപ് വിഷയം 'അമ്മ'യിൽ ഭിന്നതയുണ്ടാക്കി -മോഹൻലാൽ VIDEO

കൊച്ചി: ദിലീപ് വിഷയത്തിൽ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ കടുത്ത ഭിന്നതയുണ്ടായെന്ന് പ്രസിഡന്‍റ് മോഹൻലാൽ. സംഘടന പിളർപ്പിലേക്ക് പോകുമെന്ന തലത്തിലേക്ക് ചർച്ച പോയ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ വീട്ടിൽവെച്ച് നടന്ന യോഗം ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. ദിലീപ് ഇപ്പോഴും സംഘടനയുടെ പുറത്താണെന്നും മോഹൻലാൽ വ്യക്തമാക്കി. 

ഡബ്ല്യൂ.സി.സി അടക്കമുള്ളവരുമായി ഏത് വിഷയങ്ങളും ചർച്ച ചെയ്യാൻ അമ്മ തയാറാണ്. എക്സിക്യൂട്ടീവ് യോഗം ചേർന്ന ശേഷം ഡബ്ല്യൂ.സി.സിയുമായി ചർച്ച നടത്തും. ഇന്ന് പ്രാഥമിക കൂടിയാലോചനകൾ മാത്രമാണ് നടന്നത്. എല്ലാവരുടെയും സമയം നോക്കി എക്സിക്യൂട്ടീവ് യോഗം ചേരുമെന്നും മോഹൻലാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ദിലീപ് വിഷയം ജനറൽ ബോഡി യോഗത്തിന്‍റെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഒരംഗം ഈ വിഷയം നേരത്തെ ഉന്നയിക്കുകയായിരുന്നു. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ജനറൽ ബോഡിയിൽ പങ്കെടുത്ത വനിതാ അംഗങ്ങൾ പോലും ആവശ്യപ്പെട്ടില്ല. ഇപ്പോൾ പ്രതികരിക്കുന്നവരും പ്രതിഷേധിക്കുന്നവരും അന്നത്തെ യോഗത്തിൽ ഒന്നും പറഞ്ഞില്ല. ഒരാളെങ്കിൽ ആവശ്യപ്പെട്ടിരുന്നെങ്കിൽ തീരുമാനം മാറ്റിയേനെ. അമ്മയും താനും തുടക്കം മുതൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും മോഹൻലാൽ പറഞ്ഞു. 

ദിലീപ് അവസരങ്ങൾ ഇല്ലാതാക്കിയെന്ന ആരോപണത്തിൽ ആക്രമിക്കപ്പെട്ട നടി രേഖാമൂലം സംഘടനക്ക് പരാതി നൽകിയിട്ടില്ല. ദിലിപീനെ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് നടിമാരായ ഭാവനയും രമ്യാ നമ്പീശനും മാത്രമാണ് രാജിക്കത്ത് നൽകിയത്. മറ്റുള്ളവർ രാജിക്കത്ത് നൽകിയിട്ടില്ല. അവർക്ക് തിരിച്ചു വരണമെങ്കിൽ അത് തീരുമാനിക്കേണ്ടത് ജനറൽ ബോഡിയിലാണ്. ദിലീപ് കുറ്റവിമുക്തനായാൽ സംഘടനയിൽ തിരിച്ചെടുക്കും. നടിയും ദിലീപും സംഘടനയുടെ ഭാഗമാണ്. സത്യാവസ്ഥ തെളിയണമെന്നും മോഹൻലാൽ വ്യക്തമാക്കി. 

ഭാരാവാഹി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ആരെയും പിന്തിരിപ്പിച്ചിട്ടില്ല. ഭാരവാഹികളാകാൻ വനിതകൾ മുന്നോട്ടുവരാറില്ല. ഡബ്ല്യൂ.സി.സി അംഗങ്ങൾക്ക് ഭാരവാഹി തെരഞ്ഞെടുപ്പിൽ മൽസരിക്കാവുന്നതാണ്. പാർവതിയെ അമ്മയുടെ ഭാരവാഹി ആക്കാമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. അവസരങ്ങൾ ലഭിക്കുന്നില്ലെന്ന നടിമാരുടെ പരാതികൾ പരിഗണിക്കും. ഒരു നടനോ നടിയോ ഒരു വർഷം ഒരു സിനിമയിൽ എങ്കിലും അഭിനയിക്കണമെന്നാണ് തന്‍റെ അഭിപ്രായം. ഇതിനുള്ള നടപടി സംഘടന സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അമ്മയുടെ ജനറൽ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപ്പോയെന്ന് മോഹൻലാൽ പറഞ്ഞു. ഇക്കാര്യത്തിൽ ഖേദം അറിയിക്കുന്നു. 25 വർഷം പഴക്കമുള്ള ഭരണഘടനയാണ് അമ്മയുടേത്. ഭരണഘടനാ ഭേദഗതി അടക്കം നിരവധി കാര്യങ്ങൾ ഇനിയും െമച്ചപ്പെടുത്തേണ്ടതുണ്ട്. കൂടാതെ വൈസ് പ്രസിഡന്‍റ്, സെക്രട്ടറി പദവികളിൽ വനിതാ പ്രാതിനിധ്യം ഉൾപ്പെടുത്തേണ്ടതുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.  

നിഷ സാരംഗിനോട് സംവിധായകൻ മോശമായി പെരുമാറിയെന്ന വിഷയത്തിൽ സംഘടന നടിക്കൊപ്പമാണ്. സംഭവം അറിഞ്ഞപ്പോൾ തന്നെ ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചിരുന്നു. അമ്മ ജനറൽ ബോഡിയിൽ നിഷ സാരംഗിനെ ആദരിക്കാതിരുന്നത് ആശയവിനിമയത്തിലുള്ള ഒരു പിഴവാണെന്നും മോഹൻലാൽ പറഞ്ഞു.

Full View
Tags:    
News Summary - President Mohanlal says Dileep Issues Create Conflict in AMMA -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.