കോയമ്പത്തൂർ: കാൽനൂറ്റാണ്ട് കാലത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ സൂപ്പർതാരം രജനികാന്ത് തമിഴക രാഷ്ട്രീയത്തിലേക്ക്. പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ ദ്രാവിഡ കക്ഷികൾക്ക് ബദലായി രാഷ്ട്രീയകക്ഷി രൂപവത്കരിച്ച് തമിഴക ഭരണം പിടിച്ചടക്കാമെന്നാണ് രജനികാന്ത് കണക്കുകൂട്ടുന്നത്. 50 വർഷത്തെ ദ്രാവിഡ കക്ഷികളുടെ അധികാരമേൽക്കോയ്മ തച്ചുതകർക്കുന്നതിന് സംഘ്പരിവാർ കേന്ദ്രങ്ങൾ ഇറക്കുന്ന അവസാനത്തെ തുറപ്പുശീട്ടായും രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ കാണുന്നവരുണ്ട്. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ദ്രാവിഡ കക്ഷികൾ ബി.ജെ.പിയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കിയിട്ടില്ല. പിന്നീട് മഴവിൽ മുന്നണി ഉൾപ്പെടെ പല പരീക്ഷണങ്ങൾ നടത്തിയെങ്കിലും ദ്രാവിഡ മണ്ണിൽ കാലൂന്നാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ എടപ്പാടി പളനിസാമി-ഒ. പന്നീർസെൽവം വിഭാഗത്തിെൻറ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെയുമായി മുന്നണി ബന്ധമുണ്ടാക്കിയാൽ നേട്ടം കൊയ്യാനാവില്ലെന്ന് ബി.ജെ.പി അഖിലേന്ത്യ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് ആർ.എസ്.എസ് സൈദ്ധാന്തികനും ‘തുഗ്ലക്’ തമിഴ് വാരികയുടെ പത്രാധിപരുമായ എസ്. ഗുരുമൂർത്തി അണ്ണാ ഡി.എം.കെ നേതാക്കളെ കഴിവുകെട്ടവരെന്ന് വിമർശിച്ചത്. ഗുരുമൂർത്തിയുടെ ട്വിറ്റർ പരാമർശം ബി.ജെ.പി-അണ്ണാ ഡി.എം.കെ അകൽച്ചയുടെ തെളിവാണെന്ന് നിരീക്ഷകർ കരുതുന്നു. രജനിയെ കളത്തിലിറക്കുന്നതിലൂടെ ഇതിന് മാറ്റമുണ്ടാവുമെന്നാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രജനികാന്തിന് അടുത്തബന്ധമാണുള്ളത്.
രജനിയുടെ ഞായറാഴ്ചത്തെ പ്രസ്താവന ബി.ജെ.പിയുമായ സൗഹൃദത്തിെൻറ തെളിവായി വിടുതലൈ ശിറുതൈകൾ ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികൾ ചൂണ്ടിക്കാണിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് പറഞ്ഞ രജനി അതിന് മുമ്പ് 2019ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കിയിട്ടില്ല. ജയലളിതക്കും കരുണാനിധിക്കും ശേഷം തമിഴക രാഷ്ട്രീയത്തിൽ ജനങ്ങളെ ആകർഷിക്കുന്ന കരിസ്മാറ്റിക് ലീഡറില്ലാത്ത വിടവ് രജനിയിലൂടെ നികത്താനാവുമെന്നാണ് സംഘ്പരിവാർ കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ.
തമിഴനല്ലെന്നതാണ് രജനി നേരിടുന്ന മറ്റൊരു മുഖ്യ വെല്ലുവിളി. കന്നടക്കാരനായ രജനികാന്ത് മൂന്ന് ദശാബ്ദങ്ങൾക്ക് മുമ്പാണ് തമിഴ് സിനിമയിലെത്തുന്നത്. ജെല്ലിക്കെട്ട്, ശ്രീലങ്കൻ തമിഴ് പ്രശ്നം, നീറ്റ് പരീക്ഷ, കാവേരി നദീജല പ്രശ്നം, മുല്ലപ്പെരിയാർ, ഹൈഡ്രോകാർബൺ തുടങ്ങിയ തമിഴകത്തെ ബാധിച്ച ഒട്ടനവധി ജനകീയ പ്രശ്നങ്ങളിൽ രജനികാന്ത് മൗനം പാലിക്കുകയായിരുന്നുവെന്നും യഥാർഥ തമിഴന് മാത്രമേ ഇത്തരം വൈകാരികമായ പ്രശ്നങ്ങളിൽ പ്രതികരിക്കാൻ കഴിയുകയുള്ളൂവെന്നുമാണ് നാം തമിഴർ കക്ഷി പ്രസിഡൻറ് സീമാൻ ഉൾപ്പെടെയുള്ള തമിഴ് പ്രാദേശിക കക്ഷി നേതാക്കളുടെ അഭിപ്രായം.
മാറിമാറിയുള്ള ദ്രാവിഡ കക്ഷികളുടെ അഴിമതി ഭരണവും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും ഉയർത്തിക്കാണിച്ച് ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയതുപോലെ തമിഴകത്തിലും പൊടുന്നനെയുള്ള രാഷ്ട്രീയമാറ്റമാണ് രജനി പ്രതീക്ഷിക്കുന്നത്. എന്നാൽ, രാഷ്ട്രീയപാർട്ടിയുടെ പേരോ കൊടിയോ ആശയാദർശങ്ങളോ നയമോ ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. രജനി രൂപവത്കരിക്കുന്ന പാർട്ടിയുടെ അടിസ്ഥാനശിലകൾ അദ്ദേഹത്തിെൻറ ‘രസികർ മൺറ’ങ്ങളാണ്. എന്നാൽ, കഴിഞ്ഞ കുറേ കാലമായി രസികർ മൺറങ്ങളുടെ പ്രവർത്തനവും നിർജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.