സൂപ്പർ ഹിറ്റ് ചിത്രം 'സ്ഫടിക'ത്തിലെ തിലകന്‍റെ കഥാപാത്രമായ കടുവ ചാക്കോ എന്ന ചാക്കോ മാഷിന് സ്തുതി പാടിയ നടൻ അജു വർഗീസിന് സോഷ്യൽ മീഡിയയിൽ പൊങ്കാല. കടുവ ചാക്കോയെ കുറ്റം പറഞ്ഞവർ ഒരു കാര്യം മനസിലാക്കുന്നില്ലെന്നും കടുവ ചാക്കോയുടെ ആ ഒരു സമീപനം ആണ് ചങ്കൂറ്റമുള്ള ആട് തോമയെ നമ്മൾക്ക് തന്നതെന്നുമാണ് അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചത്. തന്‍റെ ചോദ്യം ശരിയാണോ തെറ്റാണോ എന്ന ചോദ്യം ഉന്നയിച്ച അജു, വിഷയം ചർച്ച ചെയ്യാനായി #debatable എന്ന ഹാഷ് ടാഗും തുടങ്ങി.
ഇതോടെ, ലാലിന്‍റെ ആരാധകർ എതിരഭിപ്രായം കൊണ്ട് അജുവിന്‍റെ കമന്‍റ് ബോക്സ് നിറച്ചു. കൂടാതെ, അജുവിനെ പിന്തുണച്ചും ആടു തോമയെയും ചാക്കോ മാഷിനെയും പുകഴ്ത്തിയും ഒരു വിഭാഗം കമന്‍റ് ചെയ്യുന്നുണ്ട്.
ഭദ്രൻ സംവിധാനം ചെയ്ത് 1995ല്‍ റിലീസ് ചെയ്ത 'സ്ഫടികം' മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയാണ്. ലാലും തിലകനും മൽസരിച്ച് അഭിനയിച്ച മികച്ച കഥാപാത്രങ്ങൾ ആയിരുന്നു ആടു തോമയും ചാക്കോ മാഷും. ആട്ടിൻപാലിൽ കാന്താരി മുളക് അരച്ച് കുടിക്കുന്ന ലാലിന്‍റെ കഥാപാത്രമായ ആടുതോമയും "ഭൂമിയുടെ സ്പന്ദനം കണക്കിലാണ്" എന്ന ഹിറ്റ് ഡയലോഗ് പറയുന്ന കണക്ക് മാഷായ തിലകന്‍റെ കരുത്തുറ്റ കഥാപാത്രം കടുവ ചാക്കോയും സിനിമാ പ്രേമികളുടെ ഒാർമയിൽ എന്നും നിൽക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.