Newton

ന്യൂട്ടന്‍െറ കണ്ടുപിടിത്തങ്ങള്‍ -REVIEW

ഓസ്കര്‍ അവാര്‍ഡിന് സിനിമയുടെ കലാമൂല്യവുമായൊ നിലവാരവുമായൊ എന്തെങ്കിലും സവിശേഷ ബന്ധമുണ്ടോ? അമേരിക്കയെന്ന രാജ്യം അവരുടെ നാട്ടിലെ സിനിമകള്‍ക്ക് നല്‍കുന്ന പുരസ്കാരം എന്നതില്‍ കവിഞ്ഞ് എന്ത് പ്രത്യേകതയാണ് ഓസ്കാറിനുള്ളത്. പടിഞ്ഞാറുള്ളതൊക്കെ വിശിഷ്ടമാണെന്ന അധമ ചിന്താഗതിയാണ് ഒരുതരത്തില്‍ ഓസ്കര്‍ വാഴ്ത്തലുകള്‍ക്ക് പിന്നിലുള്ളത്. ഓരോ വര്‍ഷവും വിവിധ വിഭാഗങ്ങളിലായി 30ലധികം ഓസ്കറുകള്‍ നല്‍കുന്നു. അക്കാഡമിയുടെ ചരിത്രത്തില്‍ മൂവായിരത്തിലധികം അവാര്‍ഡുകള്‍ സമ്മാനിച്ചിട്ടുണ്ട്. ജേതാക്കളില്‍ അധികവും അമേരിക്കക്കാരാണെന്ന് പറയേണ്ടതില്ലല്ലോ. ആകെ അഞ്ചുപേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഇതുവരെ ഓസ്കര്‍ ലഭിച്ചിട്ടുള്ളത്. ആദ്യം കിട്ടിയത് ഭാനു അതയ്യക്കാണ്. അവാര്‍ഡ് ലഭിച്ച ഏക ഇന്ത്യന്‍ വനിതയാണവര്‍. ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിനായിരുന്നു അത്. സത്യജിത്ത് റായിക്ക് ഓണററി പുരസ്കാരമായാണ് ലഭിച്ചത്. 

newton

എ.ആര്‍. റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, ഗുല്‍സാര്‍ എന്നിവര്‍ പുരസ്കാരിതരായത് സ്ലം ഡോഗ് മില്യനേയര്‍ എന്ന സിനിമയിലാണ്. റഹ്മാന് രണ്ട് ഓസ്കാറുകള്‍ ലഭിച്ചിട്ടുണ്ട്. അഞ്ചുപേര്‍ക്കായി മൊത്തം ആറ് പ്രാവശ്യം ഇന്ത്യയിലേക്ക് ഓസ്കാര്‍ എത്തിയെന്ന് സാരം. ഗാന്ധിയും സ്ളം ഡോഗ് മില്യനേയറും യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് സിനിമകളായിരുന്നു. റിച്ചാര്‍ഡ് ആറ്റന്‍ബറോയും ഡാനി ബോയലും സംവിധാനം ചെയ്ത സിനിമകളാണിത്. ഒന്നാലോചിച്ചാല്‍ ഒരു തനത് ഇന്ത്യന്‍ സിനിമക്ക് ഇതുവരെ ഓസ്കാര്‍ ലഭിച്ചിട്ടില്ലെന്ന് സാരം. വര്‍ഷാവര്‍ഷം അമേരിക്കയില്‍ ഓസ്കാര്‍ ഏറ്റുവാങ്ങുന്ന ചവറുകള്‍ക്ക് ഇന്ത്യയിലെ മികച്ച സിനിമകളേക്കാള്‍, ഇവിടത്തെ ലോകോത്തര കലാകാരന്മാരേക്കാള്‍ നിലവാരം ഉണ്ടെന്നാണൊ ഇതിനര്‍ഥം. ഓസ്കാറിന്‍െറ നിരര്‍ഥകത മനസിലാകാന്‍ ഒരു സംഭവം പറയാം. ഗാന്ധി സിനിമയിലെ സംഗീതത്തിന് സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ ഓസ്കാറിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹത്തിനത് ലഭിച്ചില്ല. വിചിത്രമായ സംഗതിയല്ലേ ഇത്. ജിമ്മി കാര്‍ട്ടറിനും ബറാക്ക് ഒബാമക്കും ഷിമോണ്‍ പെരസിനും ഒാങ് സാങ് സൂചിക്കും ലഭിച്ച സമാധാന നോബേല്‍ മഹാത്മാ ഗാന്ധിക്ക് ലഭിച്ചിട്ടില്ല എന്നതുപോലെ പരിഹാസ്യമായ മറ്റെന്തുണ്ട്. ഓസ്കറും മിക്കപ്പോഴും ഇത്രമേല്‍ പരിഹാസ്യമായ ഒരു പുരസ്കാരമാണ്. ഇതേ ഓസ്കാറിനായി ഇന്ത്യയില്‍ നിന്ന് നാം ഓരോ വര്‍ഷവും സിനിമകളെ തെരഞ്ഞെടുത്ത് അയക്കാറുണ്ട്. ഈ വര്‍ഷത്തെ ഓസ്കാറിലേക്കുള്ള നമ്മുടെ ഒൗദ്യോഗിക സിനിമയാണ് അമിത് വി മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ന്യൂട്ടന്‍. 

ആരാണീ ന്യൂട്ടന്‍, നൂതന്‍ കുമാര്‍ എന്ന തന്‍റെ പേര് സ്കൂളില്‍ പഠിക്കുമ്പോള്‍ സ്വയം തിരുത്തിയ വിദ്വാനാണ് സിനിമയിലെ ന്യൂട്ടന്‍. രാജ് കുമാര്‍ റാവു എന്ന പ്രതിഭാധനനായ യുവനടനാണ് ന്യൂട്ടന്‍റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഷാഹിദിലൂടെ ദേശീയ പുരസ്കാരം നേടിയ അഭിനേതാവാണ് രാജ്കുമാര്‍ റാവു. ഗവണ്‍മെന്‍റ് ക്ലര്‍ക്കായ ന്യൂട്ടന്‍ ജോലിയില്‍ കയറിയിട്ട് അധിക നാളുകള്‍ ആയിട്ടില്ല. നിയമങ്ങളോടുള്ള ഒടുങ്ങാത്ത പ്രതിബദ്ധതയാണ് ന്യൂട്ടന്‍െറ പ്രത്യേകത. നിയമം വിട്ടൊരു കളിക്കും ഇദ്ദേഹം തയ്യാറല്ല. ചില പ്രത്യക സാഹചര്യത്തില്‍ ന്യൂട്ടന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ്ങ് ഓഫീസറായി ഛത്തീസ്ഗഡിലെ നക്സല്‍ ബാധിത മേഘലയിലേക്ക് പോവുകയാണ്. അവിടെ അയാള്‍ കാണുന്നതും അനുഭവിക്കുന്നതും വിചിത്രമായ സംഗതികളാണ്. തന്‍റെ നാടിന്‍റെ യഥാര്‍ഥ ചിത്രത്തിന് അയാള്‍ ആ ദണ്ഡകാരണ്യത്തില്‍ സാക്ഷ്യംവഹിക്കുന്നു. 

ന്യൂട്ടന്‍ അടിമുടി രാഷ്ട്രീയവത്കരിച്ച സിനിമയാണ്. രാഷ്ട്രീയം തുളുമ്പി നില്‍ക്കുകയും ചിലപ്പോഴൊക്കെ കറുത്ത ഹാസ്യമായി വഴുതിയിറങ്ങുകയും ചെയ്യുന്ന സിനിമ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ കുള്ളന്‍ മാതൃകയാണിവിടെ അവതരിപ്പിക്കുന്നത്. പൗരനും ഭരണഘടനയും പട്ടാളവും പൊലീസും മാധ്യമങ്ങളും അടങ്ങിയ രാജ്യത്തിന്‍റെ ചെറുപതിപ്പിന്‍െറ അവതരണമാണ് ന്യൂട്ടനില്‍ നടക്കുന്നത്. ന്യൂട്ടന്‍ എന്ന കഥാപാത്രം രാജ്യത്തിന്‍െറ ഭരണഘടനയെ പ്രതിനിധാനം ചെയ്യുന്നു. എല്ലാം എഴുതിവച്ചിട്ടുള്ള, സമഗ്രവും ഈടുറ്റതുമായ ഒന്നാണത്. ഭരണഘടനയെ കൃത്യമായി പ്രവര്‍ത്തിക്കാന്‍ മറ്റ് സംവിധാനങ്ങള്‍ അനുവദിക്കാത്തതാണ് നാം നേരിടുന്ന അടിസ്ഥാന പ്രശ്നം. ഭരണകൂടം അതിന്‍െറ വിവിധ മര്‍ദനോപാധികള്‍ ഉപയോഗിച്ച് ഭരണഘടനാ തത്വങ്ങളെ അടിച്ചമര്‍ത്തുകയാണ്. ചിലപ്പോഴൊക്കെ ന്യൂട്ടന്‍െറ നിയമം നടപ്പാക്കാനുള്ള പോരാട്ടം കാണുമ്പോള്‍ ഉള്ള് നീറുന്നതും അതുകൊണ്ടാണ്. 

ഇന്ത്യയിലെ ആയിരക്കണക്കിന് ഗ്രാമങ്ങള്‍ നക്സല്‍ ബാധിതം എന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. എന്താണീ പ്രദേശങ്ങളില്‍ നടക്കുന്നത്. പൊതുസമൂഹത്തിന് വലിയ ധാരണയൊന്നും ഇല്ലാത്ത കാര്യമാണിത്. പോളിങ്ങ് സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ വാഹനത്തിലിരിക്കുമ്പോള്‍ പട്ടാള ഉദ്യേഗസ്ഥന്‍ ന്യൂട്ടനോട് പറയുന്നത് നാം പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്കാണ് പോകുന്നതെന്നാണ്. നക്സല്‍ ബാധിത മേഖലകളോടുള്ള പട്ടാളക്കാരുടെ സമീപനമാണിത്. ശത്രുരാജ്യത്തോടെന്ന പോലെയാണിവര്‍ ഇവിടത്തെ മനുഷ്യരോട് പെരുമാറുന്നത്. എങ്ങിനെയാണ് നക്സലുകള്‍ ഉണ്ടാകുന്നതെന്നും സിനിമ പറയുന്നുണ്ട്. ഖനന ലോബിക്കായി വനഭൂമി ഒഴിപ്പിക്കലാണ് പ്രദേശങ്ങളില്‍ നടക്കുന്നത്. ഇതിനായി ആദ്യം തദ്ദേശീയരായ ആദിമ വാസികളെ നാടുകടത്തണം. ഇവരുടെ വീടുകള്‍ തീയിട്ട് നശിപ്പിക്കുകയും മനുഷ്യരെ കാമ്പുകളിലേക്ക് ആട്ടിത്തെളിക്കുകയും ചെയ്യും. അക്രമങ്ങളറിഞ്ഞ് ചിലപ്പോഴൊക്കെ നക്സലുകള്‍ എത്തും. പിന്നെ കാര്യങ്ങള്‍ എളുപ്പമായി. ഭരണകൂടം സര്‍വ്വ സന്നാഹങ്ങളുമായി ഇവിടേക്ക് വരികയായി. പട്ടാളവും പൊലീസും ചേര്‍ന്ന് മനുഷ്യരെ പീഡിപ്പിക്കലായി. പിന്നാലെ കോര്‍പ്പറേറ്റുകളും എത്തും. ഭരണകൂടം തങ്ങളുടെ പൗരന്മാരെ എങ്ങിനെയാണ് ‘കൈകാര്യം’ ചെയ്യുന്നതെന്ന് സിനിമ പറയുന്നുണ്ട്. 

ഒരു സന്ദര്‍ഭത്തില്‍ ന്യൂട്ടന്‍ ആദിവാസി മൂപ്പനോട് നിങ്ങള്‍ക്കെന്താണ് വേണ്ടതെന്ന് ചേദിക്കുന്നുണ്ട്. ‘മോചനം’ എന്നാണ് മൂപ്പന്‍െറ ഉത്തരം. എന്തില്‍ നിന്ന് മോചനം എന്നതിന് നക്സലുകളില്‍ നിന്നും പട്ടാളത്തില്‍ നിന്നുമെന്നാണ് മൂപ്പന്‍െറ മറുപടി. 
ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ ഇരുണ്ട വശങ്ങളും ന്യൂട്ടന്‍ പ്രശ്നവത്കരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് വരുന്ന ഉദ്യോഗസ്ഥരെ എങ്ങിനേയും മടക്കി അയക്കാനാണ് ആദ്യം പട്ടാള ഉദ്യോഗസ്ഥരുടെ ശ്രമം. വഴങ്ങാതാവുമ്പോള്‍ ബൂത്തിലേക്ക് പോകാമെന്നായി. അവിടെയത്തെുമ്പോള്‍ പറയുന്നത് ഞങ്ങള്‍ വോട്ട് ചെയ്യാം, ആദിവാസികളാരും വരില്ലെന്നാണ്. ന്യൂട്ടന്‍ അതിനും വഴങ്ങാതാവുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ആദിവാസികളെ വോട്ട് ചെയ്യാന്‍ പഠിപ്പിക്കുമ്പോള്‍ പട്ടാളക്കാരന്‍ പറയുന്നത് വോട്ടിങ്ങ് യന്ത്രമൊരു കളിപ്പാട്ടമാണ്. ഇതിലെ ചിഹ്നങ്ങള്‍ ഏതെങ്കിലും നോക്കി വോട്ട് ചെയ്യാനാണ്. 


കുറച്ച് കഥാപാത്രങ്ങള്‍ മാത്രമെ സിനിമയിലുള്ളു. ന്യൂട്ടന്‍ ഉള്‍പ്പടെ മൂന്ന് പോളിങ്ങ് ഉദ്യോഗസ്ഥരും ഇവരോടൊപ്പമുള്ള ആദിവാസി പെണ്‍കുട്ടിയും പ്രധാനപ്പെട്ട ഒരു പട്ടാള ഉദ്യോഗസ്ഥനും കുറേ പട്ടാളക്കാരും ആദിവാസികളുമൊക്കെയാണ് മുഖ്യമായും സിനിമയില്‍ വരുന്നത്. സംഭാഷണങ്ങളാണ് സിനിമയുടെ കാതല്‍. സംഭാഷണങ്ങള്‍ മനസിലായില്ലെങ്കില്‍ ന്യൂട്ടന്‍ ആസ്വദിക്കാനാവില്ല. ന്യൂട്ടന്‍ എന്ന കഥാപാത്രത്തിന്‍െറ സ്വഭാവത്തിലെ വഴക്കമില്ലായ്മ ആദ്യം നിങ്ങള്‍ക്കൊരു പ്രശ്നമായി തോന്നാം. പിന്നെ മനസിലാകും അയാളാണ് ശരിയെന്ന്്. ന്യട്ടന്‍റെ അതിജീവനത്തിന്‍െറ പോരാട്ടം ഒരു രാജ്യത്തിന്‍റെ തന്നെ പോരാട്ടമാണ്. അയാളുടെ ആത്മാര്‍ഥത രാജ്യത്തെ പൗരന്മാരില്‍ പത്ത് ശതമാനത്തിനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇവിടെ വിപ്ളവങ്ങള്‍ സംഭവിച്ചേനെ. 

ചിലപ്പോഴൊക്കെ ന്യൂട്ടന്‍െറ വീറും വാശിയും കാണുമ്പോള്‍ നമ്മുടെ കണ്ണുകളും അറിയാതെ നിറഞ്ഞുപോകും. രാജ് കുമാര്‍ റാവുവിന്‍െറ മറ്റൊരു മനോഹര അവതരണമാണ് ന്യൂട്ടന്‍േറത്. പറവയില്‍ പറന്നു നടക്കുന്നവര്‍ക്ക് സമയമുണ്ടെങ്കില്‍ ന്യൂട്ടന്‍ കാണാവുന്നതാണ്. രാഷ്ട്രീയം ഇറ്റ് വീഴുന്ന ഈ കറുത്ത ഹാസ്യം യാഥാര്‍ഥ്യങ്ങളിലേക്കും ഒരു രാജ്യത്തിന്‍െറ നേര്‍ച്ചിത്രങ്ങളിലേക്കും നിങ്ങളെ നയിക്കും. ഓസ്കര്‍ കിട്ടിയാലും കിട്ടിയില്ലെങ്കിലും ന്യൂട്ടന്‍ എന്‍െറയും നിങ്ങളുടേയും കഥയെന്ന നിലയില്‍ നമ്മളെ പൊള്ളിക്കുക തന്നെ ചെയ്യും.


 

Full View
Tags:    
News Summary - Newton Movie Review Madhyamam-Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.