നാടകഗാനങ്ങളിൽ ഓണം

ഓണപ്പാട്ടുളെക്കുറിച്ച് ചിന്തിച്ചാൽ ആദ്യം ഓർമവരിക സിനിമാ പാട്ടുകളാണ്. ‘തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി...’ (ചിത്രം: തിരുവോണം, ഗാനരചന: ശ്രീകുമാരൻ തമ്പി, സംഗീതം: എം.കെ. അർജുനൻ, പാടിയത്: വാണി ജയറാം), ‘പൂവിളി പൂവിളി പൊന്നോണമായി...’ (വിഷുക്കണി, ശ്രീകുമാരൻ തമ്പി, സലിൽ ചൗധരി, യേശുദാസ്), ‘ഓണപ്പൂവേ... ഓമൽപ്പൂവേ...’ (ഈ ഗാനം മറക്കുമോ? ഒ.എൻ.വി, സലിൽ ചൗധരി, യേശുദാസ്) എന്നിങ്ങനെയുള്ള ഗാനങ്ങൾ എല്ലാ ഓണക്കാലത്തും നമ്മോടൊപ്പമുണ്ടാകും. ഇതുപോലെ എണ്ണമറ്റ ഓണപ്പാട്ടുകൾ സിനിമയിലും ആൽബങ്ങളിലുമായി പുറത്തിറങ്ങിയിട്ടുണ്ട്. തരംഗിണി പുറത്തിറക്കിയ ശ്രുതിമധുരമായ ഓണപ്പാട്ടുകൾ കുറച്ചൊന്നുമല്ല. അവയെക്കുറിച്ച് പറയാൻ തുടങ്ങിയാൽ അവസാനമുണ്ടാകില്ല! എന്നാൽ, നാടകങ്ങളിലെ ഓണപ്പാട്ടുകളെക്കുറിച്ച് അധികമാർക്കും അറിയില്ല. നമുക്ക് ഓണസ്പർശമുള്ള ചില നാടകഗാനങ്ങൾ ഓർത്തെടുക്കാം.

‘മാവേലിപ്പാട്ടുമായ് മാമലനാട്ടിലേ-

യ്ക്കാവണിമാസമേ പോരൂ നീ

മാവേലിപ്പാട്ടുമായ് പോരൂ നീ’ എന്നു തുടങ്ങുന്ന പാട്ടു കേട്ടിട്ടില്ലേ? ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന നാടകത്തിൽ ഒ.എൻ.വി എഴുതി ദേവരാജൻ ഈണംപകർന്ന് കെ. റാണി ആലപിച്ച ഓണപ്പാട്ടാണിത്. പൊന്നോണ നാളിലെ ഒരുമയും ആവണിപ്പൂവുകളും ഊഞ്ഞാലും പൂവിളിയുമെല്ലാം ചാരുതയോടെ ലയിപ്പിച്ചു ചേർത്തിട്ടുണ്ട് ഈ ഗാനത്തിൽ.

മാമലനാടിന്റെ ആശകളെ എത്ര ഭംഗിയായാണ് ആവണിപ്പൂവുമായി കവി ചേർത്തുവെക്കുന്നത് എന്നു നോക്കൂ.

‘ആവണിപ്പൂവു പോൽ മാമലനാടിതിൻ

ആശകൾ പൂവിടും നാളേ വാ’

പ്രത്യാശകൾ നൽകുന്ന വരികളിലൂടെയാണ് ഓണപ്പാട്ട് അവസാനിക്കുന്നത്.

‘പൊന്നാര്യൻ പാകിയ

കൈകൾക്ക് കൊയ്യുവാൻ

പുന്നെൽ കതിരുമായ് നാളേ വാ!

ജീവിതകാകളി പോലവേ പൊന്നോണ പ്പൂവിളി പൊങ്ങിടും നാളേ വാ!’

‘മൂലധനം’ എന്ന നാടകത്തിലെ ശ്രദ്ധേയമായ ഓണപ്പാട്ട് ഒരുക്കിയതും ഒ.എൻ.വിയും ദേവരാജനും ചേർന്ന്. പാടിയത് കവിയൂർ പൊന്നമ്മ.

‘ഓണപ്പൂവിളിയിൽ

ഊഞ്ഞാൽ പാട്ടുകളിൽ

ഓടം തുഴയൂ നീ ഓണപ്പൂത്തുമ്പീ’

എന്നൊക്കെ മോഹിപ്പിച്ച് ഓണത്തുമ്പിയോട് പാട്ട് പാടാൻ പ്രേരിപ്പിക്കുകയാണിവിടെ:

‘ആവണിവെട്ടത്തിലാറാടി

തേൻ കുടം ചൂടിയ പൂ തേടി

പാറിപ്പോകും മലർത്തുമ്പീ

പാട്ടൊന്നു പാടാമോ?

ഇത്തിരിത്തേനുണ്ട്, പുത്തരിച്ചോറുണ്ട്

പാട്ടൊന്നു പാടാമോ?

പാട്ടൊന്നു പാടാമോ?

വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ അതീവ ഹൃദ്യമായ ഒരു ഓണപ്പാട്ടുണ്ട് ‘ആദാമിന്റെ സന്തതികൾ’ എന്ന നാടകത്തിൽ. സി.ഒ. ആന്റോ പാടിയ മികച്ച ഗാനങ്ങളിലൊന്നാണിത്. വരികൾ: ശ്രീമൂലനഗരം വിജയൻ. സംഗീതം: ജോബ് & ജോർജ്.

‘ഓണത്തുമ്പി ഓടി വാ

നാണം കൂടാതടുത്തു വാ...

തേനും പാലും പഴവും കൂട്ടിയൊ-

രൂണ് കഴിക്കാം ഓടി വാ...’

എത്രകേട്ടാലും മതിവരാത്ത, മടുപ്പുതോന്നാത്ത വരികളും ഈണവും ആലാപനവുമാണ് ഗാനത്തിനോട് ഇത്രയേറെ പ്രണയം തോന്നിപ്പിക്കുന്നത്.

‘ഓണക്കോടിയുടുക്കണ്ടേ

നാലും കൂട്ടി മുറുക്കണ്ടേ

കുഞ്ഞിക്കണ്ണിൽ മയ്യെഴുതീട്ടൊരു

സുന്ദരിയായി നടക്കണ്ടേ?’

ഇതിൽ, ‘കുഞ്ഞിക്കണ്ണിൽ മയ്യെഴുതീട്ടൊരു സുന്ദരിയായി നടക്കണ്ടേ’ എന്ന വരികൾക്ക് നൽകിയിരിക്കുന്ന ഈണം മനസ്സിന് നൽകുന്ന സന്തോഷം പറയാൻ വാക്കുകളില്ല.

‘ഓലപ്പീപ്പി വിളിക്കണ്ടേ

ഓണക്കുമ്മി കളിക്കണ്ടേ

ഉത്രാടക്കാറ്റൂതണ നേരം

ഊഞ്ഞാലാടി രസിക്കണ്ടേ?

കുഞ്ഞിത്തുമ്പ പന്തലിലെ

മഞ്ഞലയൊഴുകണ നേരത്ത്

മാവേലിക്കൊരു മാലു വരുമ്പം

മാല ചാർത്താൻ പോകണ്ടേ?’

മാവേലിയെ വരവേൽക്കാനായി ഓണത്തുമ്പിയെ ഒപ്പം നിർത്താനുള്ള പ്രേരണകളാണ് ഈ വരികളിൽ ഒളിഞ്ഞുകിടക്കുന്നത്.

‘സ്വർഗം നാണിക്കുന്നു’ എന്ന നാടകത്തിനു വേണ്ടി വയലാർ രാമവർമ എഴുതിയ ഗാനത്തിലുമുണ്ട് ഓണം. സംഗീതം നൽകിയത് വി. ദക്ഷിണാമൂർത്തി. പാടിയത് എം.എൽ. വസന്തകുമാരി.

‘ഓണം പുലർന്നിട്ടും ഉണ്ണി പിറന്നിട്ടും

കോരന്നു കുമ്പിളിൽ കഞ്ഞി’

പഴയ കാലത്തെ കഷ്ടപ്പാടിന്റെ, വേദനയുടെ നേർച്ചിത്രമുണ്ട് ഈ പാട്ടിൽ.

‘മൂന്നാല് നെല്ലരി മുങ്ങണ് പൊങ്ങണ്

മൂഴക്ക് കുമ്പിളിൽ കഞ്ഞി

പൂരം വന്നിട്ടും പെരുന്നാള് വന്നിട്ടും

കോരന്നു കുമ്പിളിൽ കഞ്ഞി’

‘പുത്തരി നെല്ലിന്റെ ചക്കരച്ചോറിന്

സ്വപ്നം കാണും മുത്തമ്മേ

നാളത്തെക്കൊയ്ത്തിന് നമ്മുടെ കൊയ്ത്തിന്

മാനം വെളുക്കണം മുത്തമ്മേ

കുഞ്ഞരിവാളിന്റെ ചിങ്കിലം കേട്ടിട്ട്

നെഞ്ചുകിലുങ്ങണ് മുത്തമ്മേ’

നമ്മുടെയും നെഞ്ചു കിലുങ്ങാതിരിക്കില്ല ഈ പാട്ട് കേൾക്കുമ്പോൾ.

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലെ പ്രശസ്ത ഗാനം:

‘പൊന്നരിവാളമ്പിളിയില്‌

കണ്ണെറിയുന്നോളേ

ആമരത്തിന്‍ പൂന്തണലില്‌

വാടിനില്‍ക്കുന്നോളേ’

-ഈ ഗാനത്തിലുമുണ്ട് ഓണനിലാവ് പരത്തുന്ന ഈരടികൾ. അതിങ്ങനെ:

‘ഓണനിലാ പാലലകള്

ഓടി വരുന്നേരം

എന്തിനാണ് നിന്‍ കരള്

നൊന്തുപോണെന്‍ കള്ളീ

എന്‍ കരളേ... കണ്‍കുളിരേ...

നിന്നെയോര്‍ത്തു തന്നെ

പാടുകയാണെന്‍ കരള്‍

പോരാടുമെന്‍ കരങ്ങള്‍’.

(രചന ഒ.എൻ.വി, ഈണമൊരുക്കി പാടിയത് ദേവരാജൻ)

‘സർവേക്കല്ല്’ എന്ന നാടകത്തിൽ കെ. സുലോചന ആലപിച്ച ‘ഓടക്കുഴലുമായി വന്നവനിന്നലെ ഓമനപ്പാട്ടുകൾ പാടാം’ എന്ന ഗാനത്തിന്റെ ചരണമിങ്ങനെ:

‘ഓണക്കതിരുകൾ പാലൂട്ടിയ

ശർക്കര മാവിൻ ചോട്ടിൽ

കാത്തിരിക്കും കരളിനെയോർത്തൊരു

പാട്ടു നെയ്തു തരില്ലേ?’

നാടകം: മുടിയനായ പുത്രൻ. ഗാനം: ‘ചെപ്പുകിലുക്കണ ചങ്ങാതി നിന്റെ ചെപ്പു തുറന്നൊന്ന് കാട്ടൂലേ’ (രചന: ഒ.എൻ.വി. സംഗീതം: ദേവരാജൻ, പാടിയത് കെ. സുലോചന) ഈ ഗാനത്തിന്റെ അനുപല്ലവിയിലാണ് ഓണം വരുന്നത്.

‘ഓണനിലാവത്ത് തുള്ളാട്ടം കൊള്ളും

ഓമനച്ചങ്ങാതി ചൊല്ലൂ നീ

ആരെല്ലാം ചോദിച്ചീ പൊൻമാല നിന്റെ

കിങ്ങിണിച്ചെപ്പിലെ പൊൻമാല

(‘മുടിയനായ പുത്രൻ’ സിനിമയാക്കിയപ്പോൾ അതിൽ ഒന്നാംതരമൊരു ഓണപ്പാട്ട് പി. ഭാസ്കരനും ബാബുരാജും കവിയൂർ സി.കെ. രേവമ്മയും ചേർന്ന് ഒരുക്കി:

‘ഓണത്തുമ്പീ ഓണത്തുമ്പീ

ഓടിനടക്കും വീണക്കമ്പി

നീരാടാൻ പൂങ്കുളമുണ്ടേ

നൃത്തമാടാൻ പൂക്കളമുണ്ടേ

പൂ ചൂടാൻ പൂമരമുണ്ടേ

പുതിയൊരു രാഗം മൂളെടി തുമ്പി’

‘കതിരു കാണാക്കിളി’ എന്ന നാടകത്തിൽ സി.ഒ. ആന്റോയും സംഘവും പാടിയ

‘കിലു കിലുക്കാം ചെപ്പുകളേ

കിളികളേ കിളികളേ

തുകിലുണരൂ തുകിലുണരു കിളികളേ’ എന്ന ഗാനത്തിന്റെ ചരണം ശ്രദ്ധിക്കുക:

‘ഓണവില്ലുമായ് ഓണവില്ലുമായ്

ഓടിവരാം ഞങ്ങൾ

നാടോടിപ്പാട്ടുകൾ തൻ

നറുതേൻ മൊഴി നൽകാം

മുത്തശ്ശിക്കഥകളിലെ

മുത്തു തരാം ഞങ്ങൾ

പുതിയ കൊയ്ത്തുപാട്ടുകൾ തൻ

പുല്ലാങ്കുഴൽ നൽകാം

(രചന: വയലാർ, സംഗീതം: ദേവരാജൻ)

ഓണം കെങ്കേമമാക്കാൻ ഓണത്തുമ്പികൾക്കും ഓണക്കിളികൾക്കും വാഗ്ദാനങ്ങൾ നൽകി പ്രലോഭിക്കുന്നത് ഇത്തരത്തിലുള്ള പല പാട്ടുകളിലും കാണാം.

വയലാറും വി. ദക്ഷിണാമൂർത്തിയും ചേർന്നൊരുക്കി കെ.പി.എ.സി സുലോചനയും ഗ്രേസി സാമുവലും പാടിയ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ്:

‘അകത്തിരുന്നു തിരി തെറുത്തൂ

പുറത്തുവന്നു കതിരിട്ടൂ

തുളസിയും തുമ്പയും അഞ്ചിലത്താളിയും

മുളയിട്ടൂ മൊട്ടിട്ടൂ പൂവിട്ടു

-ഇതിന്റെ ചരണത്തിലിങ്ങനെയുണ്ട്:

‘തൃക്കാക്കരേ തെക്കേക്കരെ

തിരുവോണത്തിനു പോകുമ്പോൾ

തുമ്പി തുള്ളാനിരിക്കുമ്പോൾ ആ

മുല്ലപ്പൂക്കളമാകെത്തൂകാൻ

മുന്നാഴിപ്പൂന്തേൻ ചോദിച്ചു മോഹിച്ചൂ

അവൻ പിന്നെ പറഞ്ഞ രഹസ്യമെന്ത്?’

‘തുലാഭാരം’ എന്ന സിനിമയിലെ

‘ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍

താമരക്കുമ്പിളില്‍ പനിനീര്

ഓണം പിറന്നാലും ഉണ്ണി പിറന്നാലും

ഓരോ കുമ്പിള്‍ കണ്ണീര്

മണ്ണിനോരോ കുമ്പിള്‍ കണ്ണീര്’

എന്ന ഗാനം സിനിമ കണ്ട ഏതൊരു മലയാളിക്കും കണ്ണീരോടെയേ ഓർക്കാനാവൂ. പോയ കാലത്തിന്റെ ഓണമുറ്റങ്ങളിൽ പൂക്കളം തീർത്ത ഈ പാട്ടുകൾ എന്നെന്നും നമ്മോടൊപ്പമുണ്ടാകും.

Tags:    
News Summary - Onam in drama songs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.