സംഗീത സംവിധാനവും ആലാപനവും പാഷനായി കൊണ്ടുനടക്കുന്ന കെ.എഫ്.ആര്.ഐ ഡയറക്ടറായ ഡോ. കണ്ണന് സി.എസ്. വാര്യര്‍ നിരവധി ഗാനങ്ങള്‍ക്കാണ് ജന്മം നല്‍കിയത്
ഗവേഷണങ്ങളും പഠനങ്ങളുമായി ഔദ്യോഗിക ജീവിതം നിറഞ്ഞുനില്‍ക്കുമ്പോഴും കലയെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നൊരു ശാസ്ത്രജ്ഞനുണ്ട്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ തൃശൂരിലെ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള വനഗവേഷണ സ്ഥാപനത്തിന്റെ (കെ.എഫ്.ആര്.ഐ) ഡയറക്ടറായ ഡോ. കണ്ണന് സി.എസ്. വാര്യര്‍. സംഗീത സംവിധാനവും ആലാപനവും പാഷനായി കൊണ്ടുനടക്കുന്ന ഇദ്ദേഹം നിരവധി ഗാനങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. മൂന്നാം ക്ലാസില്‍ പഠിക്കവേ തുടങ്ങിയ സംഗീത സപര്യ ഇപ്പോഴും തുടര്‍ന്നുവരുകയാണ് ഇദ്ദേഹം. എന്നും ഒരു പരമ്പരാഗത സംഗീതജ്ഞനായി തുടരാനാണ് ഈ ആലപ്പുഴ ഹരിപ്പാട് സ്വദേശിക്ക് താല്പര്യം.
അമ്മയില്‍നിന്ന് തുടക്കം
അമ്മ ശ്രീദേവി വാര്യരാണ് സംഗീതത്തിലെ ആദ്യഗുരു. അഷ്ടപദി ഗായിക രത്നം ബഹുമതി ലഭിച്ച വ്യക്തിയാണ് അമ്മ. ചെറുപ്പം മുതല്‍ അമ്മ പാട്ട് പഠിപ്പിച്ചിരുന്നു. പിന്നീട് ഹരിപ്പാട് മീനാക്ഷിയമ്മയായിരുന്നു പാട്ട് ടീച്ചര്‍. പിന്നീട് പത്തിയൂര്‍ ഭാസ്കര കുറുപ്പ് അധ്യാപകനായി വന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബാലകലോത്സവത്തില്‍ ആദ്യമായി സമ്മാനം കിട്ടിയത്. അതിനുശേഷം പല സംഗീത പരിപാടികളിലും പങ്കെടുത്തു. മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ആദ്യമായി സംഗീത സംവിധാനം ചെയ്യുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു അന്ന്.
ഈണം പിറക്കുന്ന വഴി
ദിവസവും രാവിലെ 10 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാന്‍ പോകും. ഈ സമയത്ത് മനസ്സിലേക്ക് വരുന്ന ഈണങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യും. പിന്നെ തിരിച്ച് വീട്ടില്‍ വന്നശേഷം അവ ശരിയായ രൂപത്തില്‍ റെക്കോഡ് ചെയ്ത് പാട്ട് എഴുതുന്നവര്‍ക്ക് അയച്ചുകൊടുക്കും. അവര്‍ ഈണം അനുസരിച്ച് വരികള്‍ എഴുതി തിരികെ അയക്കും. തുടര്‍ന്ന് അത് പാടി റെക്കോഡ് ചെയ്യുന്നതാണ് രീതി. അതല്ലാതെ വരികള്‍ എഴുതിയും പാട്ടുകള്‍ക്ക് ഈണമിടാറുണ്ട്.
ഒരുമാസം രണ്ട് ഗാനങ്ങളാണ് ഇറക്കുക. ഒന്നാം തീയതിയും 15ാം തീയതിയുമാണ് ഗാനങ്ങളുടെ റിലീസ്. കൂടാതെ ഓണം, നവരാത്രി, മണ്ഡലകാലം, ക്രിസ്മസ് തുടങ്ങിയ സമയങ്ങളില്‍ പ്രത്യേക ഭക്തിഗാനങ്ങളും ഇറക്കാറുണ്ട്. യൂട്യൂബ് ചാനല്‍ വഴിയാണ് പാട്ടുകളുടെ റിലീസ്. സുഹൃത്തുക്കളായ പ്രിയ കാരണവര്‍, കെ.ജി. മോഹന്‍ദാസ്, പ്രമോദ് കൃഷ്ണന്, പ്രശാന്ത് യോഗി എന്നിവര്‍ എഴുതുന്ന ഗാനങ്ങള്‍ക്കാണ് സംഗീതം നല്കി ആലപിക്കുന്നത്. ഔദ്യോഗിക ജീവിതത്തിലെ ജോലിത്തിരക്കുകള്‍ ഒരിക്കലും സംഗീത ജീവിതത്തെ ബാധിച്ചിട്ടില്ല. ശനി, ഞായര്‍ ദിവസങ്ങളിലും ജോലി സമയം കഴിഞ്ഞുള്ള നേരവുമാണ് സംഗീതത്തിനായി മാറ്റിവെക്കുന്നത്. എപ്പോഴും മൂന്നുമാസത്തേക്കുള്ള ആറ് പാട്ടുകള്‍ കരുതിവെക്കും. അതിനാല്‍ ജോലിത്തിരക്ക് വന്നാലും പാട്ടുകള്‍ റിലീസ് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരാറില്ല. കൂടുതലും പ്രണയഗാനങ്ങളാണ് സംഗീതം നല്കി ആലപിച്ചിരിക്കുന്നത്. കൂടാതെ മറ്റു ഗാനങ്ങളും അവതരിപ്പിക്കും.
കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലെ ഫോറസ്ട്രി കോളജില്‍നിന്ന് ഫോറസ്ട്രിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെയാണ് പൂര്‍ത്തിയാക്കിയത്. പഠനകാലയളവില്‍ അഞ്ച് തവണ കാര്‍ഷിക സര്‍വകലാശാലയുടെ കലാപ്രതിഭയായിരുന്നു. ഗിറ്റാര്‍, മൃദംഗം, ഹാര്‍മോണിയം, ഹാര്‍മോണിക്ക, ഇടക്ക എന്നീ സംഗീത ഉപകരണങ്ങള്‍ വായിക്കും. മിമിക്രി, മോണോആക്ട് എന്നിവയും ചെയ്യും.
ഇരുനൂറിലധികം ഗാനങ്ങള്‍
സ്വന്തമായി സംഗീതം നല്കി ആലപിച്ച 65ഓളം സംഗീത ആല്‍ബങ്ങളും സിനിമാ പാട്ടുകളുടെ 140ഓളം കവര്ഗാനങ്ങളുമായി 200ലധികം ഗാനങ്ങളാണ് കണ്ണന് വാര്യര്‍ ഇതുവരെ യൂട്യൂബിലൂടെ പുറത്തിറക്കിയത്. 2014ല്‍ ദശപുഷ്പം, ലളിതം എന്ന പേരുകളില്‍ രണ്ട് കര്‍ണാടക സംഗീത ആല്‍ബങ്ങളും സീഡി രൂപത്തില്‍ കണ്ണന് വാര്യര്‍ പുറത്തിറക്കിയിരുന്നു. ‘ദശപുഷ്പ’ത്തില്‍ കണ്ണന് വാര്യരുടെ പിതാവ് പ്രഫ. എന്‍.എം.സി. വാര്യര്‍ എഴുതിയ മൂന്ന് പാട്ടുകളുമുണ്ട്.
2020ല്‍ വനമഹോത്സവത്തില്‍ ഹിറ്റായ കേരള സംസ്ഥാന വനം വകുപ്പിന്റെ തീം സോങ് ഗായകന് പി. ജയചന്ദ്രന് ആലപിച്ച ‘കാടറിവിന്’ സംഗീതം നല്‍കിയത് കണ്ണന് വാര്യരാണ്. 2022ല്‍ രാജ്യാന്തര വനദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികൾചർ ഓര്ഗനൈസേഷന് ബാങ്കോക്കില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍ ‘തടിയില്‍നിന്ന് സംഗീതം’ എന്ന സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. മകന് അമൃത് വാര്യര്‍ക്കൊപ്പം ചേര്‍ന്നുള്ള ഈ ജുഗല്‍ബന്ദി ഓണ്‍ലൈനായാണ് അവതരിപ്പിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനുവേണ്ടി യജുര്‍വേദം ആസ്പദമാക്കി കണ്ണന് വാര്യര്‍ സംഗീതം നല്കി ആലപിച്ച പ്രകൃതി വന്ദനം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഇതിന് പുറമെ മൂന്ന് ഗാനങ്ങള്‍ പരിസ്ഥിതി ദിനത്തില്‍ ഇറക്കുകയും ചെയ്തു.
മക്കളായ അമൃത് വാര്യര്‍, അനിരുദ്ധ് വാര്യര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ സ്റ്റേജ് പരിപാടികള്‍ ചെയ്തിട്ടുണ്ട്. സംഗീതത്തില്‍ അഭിരുചിയുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ രണ്ടു പേരും പാടുകയും സംഗീത ഉപകരണങ്ങള്‍ വായിക്കുകയും ചെയ്യും. ആകാശവാണിയില്‍ അനൗണ്‍സറായി പ്രവര്‍ത്തിച്ചിട്ടുള്ള കണ്ണന് വാര്യര്‍ കേരള സംസ്ഥാന യുവജനോത്സവത്തില്‍ 10 വര്‍ഷത്തിലേറെ വിധികര്‍ത്താവുമായിരുന്നു.
പ്രാഗല്ഭ്യം തെളിയിച്ച ശാസ്ത്രജ്ഞന്
വനശാസ്ത്ര രംഗത്ത് ഇന്ത്യയിലെ മികച്ച ഗവേഷകനുള്ള ദേശീയ പുരസ്കാരം കണ്ണന് വാര്യര്‍ക്ക് ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കാവുകളെ പറ്റിയുള്ള സമഗ്ര പഠനത്തിന് ജൈവ വൈവിധ്യ മേഖലയിലെ ഇന്ത്യയിലെ മികച്ച ഗവേഷകനുള്ള റോള എസ്. റാവു ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സര്‍വിസ് അമേരിക്കയില്‍ വെച്ച് നടത്തിയ വന ജനിതക പ്രജനന പര്യവേക്ഷണ പരിപാടിയില്‍ പങ്കെടുത്ത ഏക മലയാളിയായിരുന്നു ഇദ്ദേഹം. യുനെസ്കോ അന്താരാഷ്ട്രതലത്തില്‍ വികസിപ്പിച്ച ഡേറ്റ അനാലിസിസ് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ പരിശീലനവും നേടിയിരുന്നു. കാവേരി നദിയുടെ പുനരുജ്ജീകരണ ദേശീയ പദ്ധതിയുടെ കേരള ഘടകം മുഖ്യ ആസൂത്രകനായിരുന്നു കണ്ണന് വാര്യര്‍. വനശാസ്ത്ര രംഗത്ത് 30 വര്‍ഷത്തെ ഗവേഷണ പരിചയമുള്ള കണ്ണന് വാര്യര്‍ 305 പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ദേശീയ വന ഗവേഷണ സ്ഥാപനമായ കോയമ്പത്തൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിങ്ങില്‍ (ഐ.എഫ്.ജി.ടി.ബി) ചീഫ് സയന്റിസ്റ്റ് ആയ കണ്ണന് വാര്യര്‍ അഞ്ച് വര്‍ഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് കെ.എഫ്.ആര്.ഐയില്‍ എത്തിയത്. മൂന്ന് മാസത്തിലൊരിക്കല്‍ കെ.എഫ്.ആര്.ഐയില്‍ ഒരു കലാ-സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഐ.എഫ്.ജി.ടി.ബിയില്‍ ചീഫ് സയന്റിസ്റ്റ് ആയ ഭാര്യ ഡോ. രേഖ വാര്യര്‍ പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.