കരൂപ്പടന്ന: കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റി കൊടുങ്ങല്ലൂരിനടുത്ത് കരൂപ്പടന്നയിൽ നടത്തിയ 'ഹുസനുൽ ജമാൽ' മാപ്പിളപ്പാട്ട് മഹോൽസവം തലമുറകളുടെ സംഗമമായി. മാപ്പിളപ്പാട്ടിനെ സ്നേഹിക്കുന്ന നൂറുകണക്കിന് ആളുകളാണ് പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് സ്റ്റേജുകളിൽ പാടിയ സുപ്രസിദ്ധ ഗായിക റംലാബീഗം മുതൽ കൊച്ചു ഗായിക ഷഹന വളാഞ്ചേരി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഗായകർ എത്തിച്ചേർന്നു.
'മാണിക്യ മലരായപൂവി, മഹതിയാം ഖദീജ ബീവി' ഗാനം എഴുതിയ പി.എം.എ.ജബ്ബാർ, നാൽപ്പത് വർഷം മുമ്പ് ഈ ഗാനത്തിന് സംഗീതം നൽകി ആദ്യമായി പാടിയ തലശ്ശേരി. കെ. റഫീഖ്, പിന്നണി ഗായകൻ ഫിറോസ് ബാബു എന്നിവരുടെ സാന്നിധ്യം കലാപ്രേമികൾക്ക് ഹൃദ്യമായ അനുഭവമായി.
റംലാബീഗം, ഷബന അക്രം, അസ്മ കൂട്ടായി, ഷഹന വളാഞ്ചേരി, ഫിറോസ് ബാബു, ചിലങ്ക ശെരീഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.കരൂപ്പടന്ന ജെ.ആന്റ്.ജെ സ്കൂളിലെ കെ.ജി.സത്താർ നഗറിൽ നടന്ന പരിപാടിയിൽ മൺമറഞ്ഞ മാപ്പിളപ്പാട്ട് കുലപതി കെ.ജി.സത്താറിന്റെ കുടുംബാംഗങ്ങളും എത്തിയത് വേദിയെ ധന്യമാക്കി. സിനിമാ നടൻ സലിം കുമാർ ഉദ്ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് തലശ്ശേരി. കെ. റഫീഖ് അധ്യക്ഷത വഹിച്ചു.
നടൻ നാദിർഷ മുഖ്യാതിഥിയായി. വി. ആർ. സുനിൽ കുമാർ എം.എൽ.എ, ദൂരദർശൻ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ടി. ചാമിയാർ, പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക എച്ച്. റംലാബീഗം, ഫിറോസ് ബാബു, സലീം കാട്ടകത്ത്, പി.എം.എ.ജബ്ബാർ എന്നിവർ സംസാരിച്ചു. മുഹമ്മദ് അക്രം സ്വാഗതവും ചിലങ്ക ശരീഫ് നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത പിന്നണി ഗായകർ അണിനിരന്ന ഗാനമേള നടത്തി. റംലാ ബീഗം, ഷബ്ന അക്രം, അസ്മ കൂട്ടായി, ഷഹന വളാഞ്ചേരി, ഫിറോസ് ബാബു, ചിലങ്ക ശെരീഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഇതോടനുബന്ധിച്ച് നടത്തിയ മാപ്പിളപ്പാട്ട് മൽസരത്തിൽ ടി.ഇ.അജൂബ (ഒന്നാം സ്ഥാനം), മുഹമ്മദ് റൈഹാൻ, അൽന താജ്, പി.എ.ലെയ്ബ (രണ്ടാം സ്ഥാനം), മുഹമ്മദ് അസ്ലം, മറിയം കോറോത്ത്, റിഷാൻ അബ്ദുള്ള ( മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി മൈലാഞ്ചിയിടൽ മൽസരത്തിൽ അഫീഫ ഒന്നാം സ്ഥാനവും അജൂബ രണ്ടാം സ്ഥാനവും സാലിഹ സിയാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.