അഹ്മദാബാദ്: തങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ദലിതര്‍ റാലി നടത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തി കാണിച്ചുതരാമെന്ന മുന്നറിയിപ്പുമായാണ് ദലിതര്‍ സബര്‍മതിയില്‍ ഒത്തുചേര്‍ന്നത്. ഗുജറാത്ത് സര്‍ക്കാറിനു മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച ദലിത് നേതാവും പരിപാടിയുടെ കണ്‍വീനറുമായ ജിഗ്നേശ് മേവാനി ചത്ത കന്നുകാലികളെ നീക്കംചെയ്യുന്ന പരമ്പരാഗത തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രതിജ്ഞയെടുക്കണമെന്ന് അണികളോട് ആഹ്വാനംചെയ്തു.
സര്‍ക്കാറിന് ശക്തമായ സന്ദേശം നല്‍കാന്‍ ചത്ത മൃഗങ്ങളെ കുഴിച്ചുമൂടുന്ന പണിയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം മുഴുവന്‍ ദലിതരോടും ആവശ്യപ്പെട്ടു. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന തൊഴിലില്‍നിന്നും വിട്ടുനില്‍ക്കണം. കൃഷിചെയ്യാന്‍ സര്‍ക്കാര്‍ നിലങ്ങള്‍ നല്‍കുംവരെ ഈ തൊഴിലുകള്‍ ചെയ്യരുത്. തങ്ങള്‍ക്ക് മാന്യമായി ജീവിക്കണമെന്നും ജിഗ്നേശ് മേവാനി പറഞ്ഞു. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ളെങ്കില്‍ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണിച്ചുതരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പട്ടേല്‍ സംവരണ നേതാക്കളുമായി നടത്തിയതുപോലെ സര്‍ക്കാര്‍ തങ്ങളുമായും വട്ടമേശ ചര്‍ച്ചക്ക് തയാറാവണമെന്ന് നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് മേവാനി പറഞ്ഞു. ദലിത് യുവാക്കള്‍ ആക്രമണത്തിനിരയായ ഊനയില്‍നിന്ന് ആഗസ്റ്റ് അഞ്ചിന് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.