ഗീതയെ നിയമിച്ചത് സംസ്ഥാന സര്‍ക്കാര്‍; നടപ്പാക്കുക ഇടതു നയമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍െറ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ തീരുമാനിച്ചത് സംസ്ഥാന സര്‍ക്കാറാണെന്നും എന്നാല്‍, ഇടതുസാമ്പത്തിക നയം മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗീതാ ഗോപിനാഥിന്‍െറ നിയമനത്തെ തള്ളിപ്പറയുകയോ, അംഗീകരിക്കുകയോ ചെയ്തില്ല. അതേസമയം,  അവരുടെ നവലിബറല്‍ സാമ്പത്തികനയങ്ങള്‍ നടപ്പാക്കാന്‍ പോകുന്നില്ളെന്ന് യെച്ചൂരി വ്യക്തമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനുള്ള യെച്ചൂരിയുടെ മുന്നറിയിപ്പാണ്. ഡല്‍ഹി വിമന്‍സ് പ്രസ്ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഇടതു സാമ്പത്തികനയങ്ങളുമായി ചേര്‍ന്നുപോകാത്ത ഗീതാ ഗോപിനാഥിന്‍െറ നിയമനത്തില്‍ ഞായറാഴ്ച സമാപിച്ച സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കാര്യമായ എതിര്‍പ്പുയര്‍ന്നിരുന്നു. പിണറായി വിജയനും സംസ്ഥാനഘടകവും നിയമന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതേതുടര്‍ന്ന് വിഷയത്തില്‍ ഇടപെടേണ്ടതില്ളെന്ന് നിലപാട് സ്വീകരിക്കാന്‍ പി.ബി നിര്‍ബന്ധിമായി. പി.ബി യോഗത്തിനുശേഷം സി.പി.എം കേന്ദ്രനേതൃത്വത്തില്‍നിന്ന് പുറത്തുവരുന്ന ആദ്യ പരസ്യ പ്രതികരണമാണ് യെച്ചൂരിയുടേത്.  ‘ഇടതു നയപരിപാടികള്‍ മുന്നോട്ടുവെച്ചാണ് വോട്ടു ചോദിച്ചത്. അതിനാണ് ജനം വോട്ടു ചെയ്ത് അധികാരത്തിലേറ്റിയത്. അതിനാല്‍, ഇടതു സാമ്പത്തികനയം മാത്രമേ നടപ്പാക്കൂ’ -യെച്ചൂരി പറഞ്ഞു.

 പിണറായി സര്‍ക്കാറിന്‍െറ നയപരിപാടികളിലുള്ള ഗീതാ ഗോപിനാഥിന്‍െറ ഇടപെടലില്‍ കേന്ദ്രനേതൃത്വത്തിന്‍െറ നിരീക്ഷണമുണ്ടാകുമെന്നാണ് യെച്ചൂരിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന. ബി.ജെ.പിയുടെ ഫാഷിസ്റ്റ് സ്വഭാവം സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറയും നിലപാടുകളിലെ പൊരുത്തക്കേട് സംബന്ധിച്ച ചോദ്യത്തിന് യെച്ചൂരി വ്യക്തമായ മറുപടി നല്‍കിയില്ല. ഫാഷിസം ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പുതന്നെ അത്തരം ശക്തികളെ തടയാനുള്ള നയപരിപാടികള്‍ സ്വീകരിക്കുകയെന്നതാണ് ശരിയായിട്ടുള്ളത്. ലോകത്താകെയും ഇന്ത്യയില്‍ വിശേഷിച്ചും രാഷ്ട്രീയരംഗത്തും സാമ്പത്തികരംഗത്തും വലതുപക്ഷവത്കരണം ശക്തിപ്രാപിക്കുകയാണ്. പശുരാഷ്ട്രീയത്തിന്‍െറ പേരില്‍ മുസ്ലിംകളും ദലിതരും സ്ത്രീകളുമൊക്കെ തെരുവില്‍ കൈകാര്യം ചെയ്യപ്പെടുകയാണ്. അതിക്രമം എല്ലാ പരിധിയും കടന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ നിയമം കൈയിലെടുത്ത് നടത്തുന്ന അതിക്രമത്തിനെതിരെ പ്രധാനമന്ത്രി മോദി ഒരിക്കല്‍പോലും പ്രതികരിച്ചിട്ടില്ല. അധികാരികളുടെ മൗനമാണ് രാജ്യത്ത് വര്‍ഗീയത പടര്‍ത്തുന്നവര്‍ക്ക് പ്രചോദനമാവുന്നത്.

വിലക്കയറ്റം രൂക്ഷമാണ്. പരിപ്പുവില കൂടിയതിന്‍െറ പേരില്‍ ‘പരിപ്പ് മോദി’യെന്ന് ആളുകള്‍ വിളിക്കുന്നുവെന്നാണ് പറയുന്നത്. കടലയുടെ വിലയും കുത്തനെ കയറുകയാണ്. ‘കടല മോദി’യെന്നും വിളിക്കേണ്ട സാഹചര്യമാണുള്ളതെന്നും യെച്ചൂരി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.