രാഹുലിനെതിരെ ആര്‍.എസ്.എസിന്‍െറ മറ്റൊരു മാനനഷ്ട കേസ്

ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെതിരായ പരാമര്‍ശത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അസമിലെ ഒരു കോടതിയില്‍നിന്ന് കൂടി സമന്‍സ്. കാംരൂപ് ജില്ലയിലെ ഒരു ക്ഷേത്രപ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്‍െറ അടിസ്ഥാനത്തില്‍ അടുത്തമാസം 21ന് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകണമെന്നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സഞ്ജയ് ഹസാരിക നിര്‍ദേശിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍െറ 500ാം വകുപ്പുപ്രകാരമാണ് കേസ്. രണ്ടു വര്‍ഷം വരെ തടവും പിഴയും വിധിക്കാവുന്ന വകുപ്പാണിത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അഞ്ജന്‍ ബോറയാണ് ഹരജിക്കാരന്‍. 16ാം നൂറ്റാണ്ടിലെ വൈഷ്ണവ കേന്ദ്രമായ ബാര്‍പേട്ട സത്രത്തില്‍ പ്രവേശിക്കാന്‍ ആര്‍.എസ്.എസുകാര്‍ തന്നെ അനുവദിച്ചില്ളെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി സംഘടനയുടെ പ്രതിച്ഛായ മോശമാക്കിയെന്നാണ് പരാതി. 2015 ഡിസംബര്‍ 12നായിരുന്നു ഇത്.
അവിടേക്കുപോകാതെ ഒരു പദയാത്രയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി തെറ്റിദ്ധാരണ പരത്തുന്ന വിധമാണ് സംസാരിച്ചതെന്ന് ഹരജിക്കാരന്‍ കുറ്റപ്പെടുത്തി. യഥാര്‍ഥത്തില്‍ ഒട്ടേറെ പേര്‍ അന്നവിടെ രാഹുല്‍ എത്തുമെന്ന് പ്രതീക്ഷിച്ച് കാത്തുനില്‍പുണ്ടായിരുന്നു. എന്നാല്‍, തനിക്ക് അനുമതിലഭിച്ചില്ളെന്ന് രണ്ടുദിവസത്തിനു ശേഷം ഡല്‍ഹിയില്‍ വെച്ചാണ് രാഹുല്‍ പറഞ്ഞതെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.
മഹാത്മാഗാന്ധിയെ വധിച്ചതില്‍ ആര്‍.എസ്.എസുകാര്‍ക്ക് പങ്കുണ്ടെന്ന് പ്രസംഗിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതിയില്‍ മാനനഷ്ട കേസുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.