ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ 12ന് സര്‍വകക്ഷി യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനത്തിന്‍െറ സമാപന ദിവസം സര്‍വകക്ഷി യോഗമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ അറിയിച്ചു. കശ്മീര്‍ താഴ്വരയൊന്നാകെ സൈന്യത്തെ ഏല്‍പിക്കാന്‍ ആലോചിക്കുന്നില്ളെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
ചോദ്യോത്തരവേളയടക്കം മറ്റെല്ലാ അജണ്ടകളും മാറ്റിവെച്ച് കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് രാജ്യസഭ നടത്തിയ ഒമ്പതര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലായിരുന്നു രാജ്നാഥിന്‍െറ മറുപടി. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം രാജ്യസഭ ഐകകണ്ഠ്യേന പാസാക്കി. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ളെന്ന് വ്യക്തമാക്കിയ പ്രമേയം ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്കായിരിക്കും സര്‍വകക്ഷിയോഗം. സര്‍വകക്ഷി സംഘത്തെ കശ്മീരിലേക്ക് അയക്കണമെന്ന സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുടെ ആവശ്യം ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യുമെന്ന് രാജ്നാഥ് വ്യക്തമാക്കി. കശ്മീരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം സ്പോണ്‍സര്‍ ചെയ്തത് പാകിസ്താന്‍ ആണ്. പാകിസ്താനുമായി ഇന്ത്യ ചര്‍ച്ചനടത്തുമെങ്കില്‍ അത് കശ്മീരിനെക്കുറിച്ചായിരിക്കില്ളെന്നും പാക്കധീന കശ്മീരിനെക്കുറിച്ചായിരിക്കുമെന്നും ആഭ്യന്തര മന്ത്രി ഓര്‍മിപ്പിച്ചു. പെല്ലറ്റ് ഗണ്‍ ഉപയോഗിക്കരുതെന്ന് സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് കശ്മീരി യുവാക്കളോട് ആഭ്യന്തര മന്ത്രി അഭ്യര്‍ഥിച്ചു.
ചര്‍ച്ചക്ക് തുടക്കമിട്ട പ്രതിപക്ഷ നേതാവും മറ്റ് അംഗങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിക്കാതെ മധ്യപ്രദേശില്‍നിന്ന് പ്രസ്താവന നടത്തിയതിനെ ഗുലാംനബി ആസാദ് ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.