തീവ്രവാദം നേരിടാന്‍ എന്‍.ഐ.എ ഉര്‍ദുവും അറബിക്കും പഠിക്കുന്നു

കൊല്‍ക്കത്ത: ജമാഅത്തുല്‍ മുജാഹിദീന്‍ (ജെ.എം.ബി)  ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഉര്‍ദു, അറബിക്, പേര്‍ഷ്യന്‍ ഭാഷകള്‍ പഠിക്കുന്നു. 2014ല്‍ പശ്ചിമ ബംഗാളിലെ ബീര്‍ഭും ജില്ലയിലെ ഖഗ്രാഗിലുണ്ടായ സ്ഫോടനത്തോടെയണ് ഈ ഭാഷകള്‍ അറിഞ്ഞിരിക്കേണ്ടതിന്‍െറ പ്രാധാന്യം ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നത്.
ഖഗ്രാഗില്‍ നടന്ന സ്ഫോടനത്തിനു ശേഷം പ്രദേശത്തുനിന്ന് ഉര്‍ദുവിലും പേര്‍ഷ്യനിലുമുള്ള നിരവധി ലഘുലേഖകള്‍ കണ്ടെടുത്തിരുന്നു. ഈ ഭാഷകളില്‍ പരിജ്ഞാനമില്ലാതിരുന്നതിനാല്‍ ഇവയുടെ ഉള്ളടക്കം മനസ്സിലാക്കാന്‍ പുറമേയുള്ള ഭാഷാ വിദഗ്ധനെ സമീപിക്കേണ്ടിവന്നു. നിലവില്‍ മാതൃഭാഷക്കു പുറമെ ഇംഗ്ളീഷും ഹിന്ദിയും അറിയുന്നവരാണ് ഉദ്യോഗസ്ഥര്‍. അധികമായി അറിയുന്ന ഓരോ ഭാഷയും തീവ്രവാദത്തെ തടയുന്നതിന് ഗുണകരമാകുമെന്ന തിരിച്ചറിവിലാണ് ഭാഷാ പഠന ക്ളാസുകള്‍ക്ക് തുടക്കമിട്ടതെന്ന് മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിഭാഷകരെ ലഭിക്കാനുള്ള പ്രയാസംകൂടി കണക്കിലെടുത്താണ് എന്‍.ഐ.എ കൊല്‍ക്കത്ത എസ്.പിയായിരുന്ന വിക്രം ഖലാത്തെ ഉദ്യോഗസ്ഥരെ പേര്‍ഷ്യനും ഉര്‍ദുവും പഠിപ്പിക്കാന്‍ സൗകര്യമൊരുക്കണമെന്ന് അഭ്യര്‍ഥിച്ച് കല്‍ക്കത്ത യൂനിവേഴ്സിറ്റിക്ക് കത്തെഴുതിയത്.

മേയ് മുതല്‍ ഉദ്യോഗസ്ഥരുടെ പരിശീലനക്ളാസുകള്‍ ആരംഭിച്ചതായി യൂനിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ സ്വാഗത സെന്‍ അറിയിച്ചു. ആഴ്ചയിലൊരിക്കല്‍ എന്‍.ഐ.എ കാമ്പസില്‍ ക്ളാസുകള്‍ സംഘടിപ്പിക്കുമെന്ന് അറബിഭാഷാ വിഭാഗം മേധാവി എം. ഇസ്റത്ത് അലി മൊല്ല അറിയിച്ചു. ഒരുവര്‍ഷമാണ് പരിശീലനം. ആവശ്യപ്പെട്ടാല്‍ കാലാവധി നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.

ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി തൊഴില്‍രഹിതരായ യുവാക്കളെ ആകര്‍ഷിച്ച് സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് അന്വേഷണസംഘം കണ്ടത്തെിയിരുന്നു. സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ പലതും ഉര്‍ദു, അറബിക് ഭാഷകളിലാണ്. അതുകൊണ്ടുതന്നെ ഭാഷാപഠനം അന്വേഷണ സംഘത്തിന് ഗുണം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.