സൗരോര്‍ജ പദ്ധതിക്ക് നൂറുകോടി ഡോളര്‍ ലോകബാങ്ക് സഹായം

ന്യൂഡല്‍ഹി: സൗരോര്‍ജ വികസനത്തിന് നൂറുകോടി അമേരിക്കന്‍ ഡോളര്‍ സഹായം നല്‍കുന്ന കരാര്‍ ഇന്ത്യയും ലോകബാങ്കും ഒപ്പുവെച്ചു. ഡല്‍ഹിയിലത്തെിയ ലോകബാങ്ക് അധ്യക്ഷന്‍ ജിം യോങ് കിം, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഊര്‍ജവകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കരാര്‍ ഒപ്പുവെച്ചത്.

 ഇന്ത്യയുടെ നേതൃത്വത്തിലുള്ള 121 രാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ള ‘അന്താരാഷ്ട്ര സൗരോര്‍ജ സഖ്യ’വുമായും ലോകബാങ്ക് കരാറില്‍ ഒപ്പിട്ടു. സഖ്യരാഷ്ട്രങ്ങളില്‍ സൗരോര്‍ജ ഉപയോഗ വ്യാപനത്തിനായാണ് കരാര്‍. 2030ഓടെ സൗരോര്‍ജ രംഗത്ത് ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളറിന്‍െറ നിക്ഷേപവും കരാര്‍ ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുക, സോളാര്‍ പാര്‍ക്കുകള്‍ നിര്‍മിക്കുക, വിപണിയില്‍ സൗരോര്‍ജ ഉപകരണങ്ങള്‍ എത്തിക്കുക, സംസ്ഥാനങ്ങള്‍ തമ്മില്‍ സൗരോര്‍ജം കൈമാറുന്നതിനുള്ള സംവിധാനമുണ്ടാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബാങ്ക് സഹായം നല്‍കുന്നത്.
ഇതിന് പുറമെ 400 മെഗാവാട്ട് സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി 625 ദശലക്ഷം ഡോളറിന്‍െറ കരാറിലും ഇന്ത്യയും ലോകബാങ്കും തമ്മില്‍ ഒപ്പുവെച്ചിട്ടുണ്ട്. നേരത്തെ ലോകത്തിലുള്ള ഏറ്റവും വലിയ സോളാര്‍ യൂനിറ്റായ മധ്യപ്രദേശിലെ 750 മെഗാവാട്ട് സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്ന ‘റെവ അള്‍ട്ര-മെഗാ സോളാര്‍ പവര്‍ പ്രോജക്ടിന് വേണ്ടി ലോകബാങ്ക് സഹായം നല്‍കിയിരുന്നു.

പരിസ്ഥിതി സൗഹൃദ ഊര്‍ജോല്‍പാദനത്തിനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ലോകബാങ്ക് ഇനിയും സഹായം നല്‍കുമെന്നും ജിം യോങ് കിം പറഞ്ഞു. അതിനിടെ, പോഷകാഹാരക്കുറവ് പരിഹരിക്കല്‍, പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജ ഉല്‍പാദനം എന്നീ രംഗങ്ങളിലുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക ബാങ്ക് അധ്യക്ഷന്‍ ജിം യോങ് കിമ്മും തമ്മില്‍ ചര്‍ച്ചനടത്തി. രാജ്യത്തിന് ലോകബാങ്ക് നല്‍കുന്ന സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.