കുളച്ചല്‍ തുറമുഖത്തിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കി. 6000 കോടി രൂപയുടെ കേന്ദ്രനിക്ഷേപമുള്ള പദ്ധതി നടപ്പാക്കുന്നതിന്  സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കാന്‍  ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കന്യാകുമാരി ജില്ലയിലെ ഇനയത്ത് യാഥാര്‍ഥ്യമാകാന്‍ പോകുന്ന കുളച്ചല്‍ തുറമുഖം വിഴിഞ്ഞം തുറമുഖത്തുനിന്ന് 36 കി.മീറ്റര്‍ മാത്രം അകലെയാണ്. വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖമായി വികസിപ്പിക്കാനുള്ള കേരളത്തിന്‍െറ പദ്ധതിക്ക് ഭീഷണിയാണ് കുളച്ചല്‍ തുറമുഖം. വല്ലാര്‍പാടം ടെര്‍മിനലിനും കുളച്ചല്‍ തുറമുഖം വെല്ലുവിളി ഉയര്‍ത്തും.
ദക്ഷിണേന്ത്യയിലേക്കുള്ള ചരക്കുകള്‍ നല്ളൊരു പങ്കും  കൊളംബോ, സിംഗപ്പൂര്‍ തുറമുഖം വഴിയാണ്  എത്തുന്നത്. കൊളംബോ, സിംഗപ്പൂര്‍ വഴിയുള്ള ചരക്കുനീക്കത്തിന്‍െറ വലിയൊരു വിഹിതം ആകര്‍ഷിക്കാമെന്നും മേഖലയിലെ ചരക്കുനീക്കത്തിന്‍െറ ട്രാന്‍സ്ഷിപ്മെന്‍റ് ഹബായി മാറാമെന്നുമുള്ള  കണക്കുകൂട്ടലാണ്  വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രതീക്ഷ.
 ഇതുതന്നെയാണ് കുളച്ചല്‍ തുറമുഖവും ലക്ഷ്യമിടുന്നത്. വിഴിഞ്ഞത്തേക്കാള്‍ വലിയ പദ്ധതിയാണ് കുളച്ചലില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
21,000 കോടിയുടെ പദ്ധതിയാണ് തമിഴ്നാട്ടുകാരനായ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കുളച്ചലിനായി പ്രഖ്യാപിച്ചത്. വിഴിഞ്ഞം പദ്ധതി 7500 കോടിയുടേതാണ്.
 കുളച്ചലില്‍ തുടക്കത്തില്‍ പ്രതിവര്‍ഷം 17 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യംചെയ്യുന്ന സംവിധാനമാണ് ഒരുക്കുക. വിഴിഞ്ഞത്ത് തയാറാക്കുന്നത് ആറു ലക്ഷം കണ്ടെയ്നറുകള്‍ക്കുള്ള സൗകര്യമാണ്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍  അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച  കരാറിനെ ചൊല്ലി ഇടതുപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഭരണമാറ്റത്തോടെ ഇക്കാര്യത്തില്‍ ഇടതുസര്‍ക്കാറിന്‍െറ നിലപാട് സംബന്ധിച്ച വ്യക്തത കൈവരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ  നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അദാനി ഗ്രൂപ് മെല്ളെപ്പോക്ക് നയമാണ് സ്വീകരിച്ചിട്ടുള്ളത്.
മാത്രമല്ല, കുളച്ചല്‍ തുറമുഖ കരാര്‍ നേടിയെടുക്കാനുള്ള നീക്കത്തിലാണ് അദാനി ഗ്രൂപ് എന്നും റിപ്പോര്‍ട്ടുണ്ട്. കുളച്ചലിന്‍െറ കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തില്‍ വലിയ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍െറ പിന്തുണയുമുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.