ഡല്‍ഹിയില്‍ 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദുചെയ്യണം –ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഡല്‍ഹിയില്‍ റദ്ദുചെയ്യണമെന്നും അത്തരം വാഹനങ്ങള്‍ ഡല്‍ഹിക്കു പുറത്ത് ഓടിക്കുന്നതിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) നല്‍കരുതെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍. 15 വര്‍ഷത്തിനുതാഴെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് മാത്രമേ ഡല്‍ഹിയുടെ പുറത്തുള്ള പ്രദേശങ്ങളില്‍ ഓടിക്കാന്‍ എന്‍.ഒ.സി നല്‍കാവൂവെന്നും ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

വാഹനങ്ങളുടെ തിരക്കും വായുമലിനീകരണവും കുറവുള്ള സ്ഥലങ്ങളില്‍ മാത്രമേ ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ എന്‍.ഒ.സി നല്‍കാവൂ. ബി.എസ് ഒന്ന്, ബി.എസ് രണ്ട് ഇനത്തില്‍പ്പെട്ട വാഹനങ്ങളും 15 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ വാഹനങ്ങളും ആക്രിയായി കണക്കാക്കണം. ഈ വാഹനങ്ങള്‍ ഒരുകാരണവശാലും നിരത്തിലിറക്കാന്‍ അനുവദിക്കരുത്. കാലതാമസം കൂടാതെ ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദുചെയ്യണമെന്നും ട്രൈബ്യൂണല്‍ ഡല്‍ഹി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

രജിസ്ട്രേഷന്‍ വിഭാഗം പഴക്കംചെന്ന വാഹനങ്ങളുടെ പട്ടിക തയാറാക്കുകയും ഇതിനെ അടിസ്ഥാനമാക്കി രജിസ്ട്രേഷന്‍ റദ്ദുചെയ്യാന്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യണം.
പത്തു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തണമെന്ന് ഡല്‍ഹി സര്‍ക്കാറിന് നേരത്തേ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ നടപടി പുരോഗമിക്കുകയാണെന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് ട്രൈബ്യൂണല്‍ മുമ്പാകെ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.