കശ്മീരിലെ അക്രമം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മഹ്ബൂബ

ശ്രീനഗര്‍: കശ്മീരിലെ അക്രമം അവസാനിപ്പിക്കാന്‍ പൊതുജനത്തിന്‍െറ സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. കുപ്വാരയില്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കശ്മീരിലെ കൊലപാതകങ്ങളെ മഹത്ത്വവത്കരിക്കുന്നവരെയും അതുകൊണ്ട് രാഷ്ട്രീയം കളിക്കുന്നവരെയും കടുത്ത ഭാഷയില്‍ മഹ്ബൂബ വിമര്‍ശിച്ചു. പാവങ്ങളില്‍ പാവങ്ങളായ ആളുകള്‍ക്കാണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നത്. ഇത് വേദനയുളവാക്കുന്നു. അക്രമം നമ്മുടെ സംസ്ഥാനത്തിന് തകര്‍ച്ച മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. എപ്പോഴെങ്കിലും നമ്മള്‍ സാമ്പത്തികമായി മുന്നോട്ടുവന്നാല്‍ അതിന് തടസ്സം സൃഷ്ടിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടാകുന്നുവെന്നും അവര്‍ പറഞ്ഞു.
അതിനിടെ, ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ ഏറ്റവുമധികം സംഘര്‍ഷം നടന്ന തെക്കന്‍ കശ്മീരിലെ രണ്ടു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലംമാറ്റി. ഡി.ഐ.ജിയായിരുന്ന നിതീഷ്കുമാറിനെ മാറ്റി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഗുലാം ഹസന്‍ ഭട്ടിനെ തല്‍സ്ഥാനത്ത് നിയമിച്ചു. അനന്ത്നാഗ് പൊലീസ് സൂപ്രണ്ട് അബ്ദുല്‍ ജബ്ബാറിനെ മാറ്റി ട്രാഫിക് എസ്.എസ്.പി സുബൈറിനെയും നിയമിച്ചു.
സമാധാനാന്തരീക്ഷം കൈവരിച്ചതിനെ തുടര്‍ന്ന് കശ്മീരിലെ നാലു ജില്ലകളില്‍നിന്നും ശ്രീനഗര്‍ നഗരത്തിന്‍െറ ചില ഭാഗങ്ങളില്‍നിന്നും കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. താഴ്വരയുടെ മറ്റു ഭാഗങ്ങളില്‍ മുന്‍കരുതല്‍ നടപടിയായി കര്‍ഫ്യൂ തുടരുമെന്ന് പൊലീസ് അറിയിച്ചു. ബന്ദിപോറ, ബാരാമുല്ല, ബുദ്ഗാം, ഗന്ദര്‍ബാള്‍ ജില്ലകളിലാണ് കര്‍ഫ്യൂ പിന്‍വലിച്ചത്.
 ജമ്മു അതിര്‍ത്തിക്കടുത്തുനിന്ന് ബംഗ്ളാദേശ് പൗരനെ പിടികൂടിയതായി സൈന്യം അറിയിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള അര്‍ണിയയില്‍ നിന്നാണ് സംശയാസ്പദ സാഹചര്യത്തില്‍ കണ്ട സുഹൈല്‍ എന്നയാളെ പിടികൂടിയത്.സൈന്യം ചോദ്യം ചെയ്തശേഷം ഇയാളെ പൊലീസിനു കൈമാറി.
അതിനിടെ, കശ്മീരിലെ സംഘര്‍ഷാവസ്ഥ ആളിക്കത്തിച്ചതിനു പിന്നില്‍ പ്രതിപക്ഷമായ നാഷനല്‍ കോണ്‍ഫറന്‍സിന് പങ്കുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അനില്‍ ഗുപ്ത ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.