ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ തടഞ്ഞും അന്വേഷണങ്ങള്‍ നടത്തിയും സന്നദ്ധ സംഘടനകളെ (എന്‍.ജി.ഒ) ശ്വാസം മുട്ടിച്ച കേന്ദ്രസര്‍ക്കാര്‍ അവയെ വരുതിയിലും നിരീക്ഷണത്തിലും നിര്‍ത്താന്‍ പുതിയരീതി ആവിഷ്കരിക്കുന്നു. സംഘടനകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കണമെന്നുണ്ടെങ്കില്‍ നിതി ആയോഗിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം.
നിതി ആയോഗ് പോര്‍ട്ടലില്‍ ട്രസ്റ്റികളുടെയും ഭാരവാഹികളുടെയും പാന്‍ നമ്പര്‍ ഉള്‍പ്പെടെ സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കിയാണ് അംഗീകാരം തേടേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ രണ്ടുമാസം മുമ്പ് ചേര്‍ന്ന യോഗത്തിന്‍െറ തീരുമാനം എല്ലാ മന്ത്രാലയങ്ങള്‍ക്കും കൈമാറിക്കഴിഞ്ഞു. മന്ത്രാലയങ്ങള്‍ സന്നദ്ധസംഘടനകള്‍ക്ക് ധനസഹായം നല്‍കും മുമ്പ് ഈ നിബന്ധന പാലിക്കാനുതകുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ധനസഹായങ്ങളെല്ലാം ആധാര്‍ അധിഷ്ഠിതമാക്കുന്നതിന്‍െറ കൂടി ഭാഗമായാണ് ഈ നിര്‍ദേശമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
നിയന്ത്രണങ്ങള്‍ നടപ്പാക്കുകയല്ല സംഘടനകളെ കൂടുതല്‍ ഉത്തരവാദിത്തത്തിലും സുതാര്യതയിലും കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍, സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ അഭിപ്രായം പറയുന്നവരുടെ പ്രവര്‍ത്തനം തടയാനും താല്‍പര്യക്കാരായ സംഘടനകളിലേക്ക് ധനസഹായങ്ങള്‍ ഒഴുക്കിവിടാനുമാണ് ഇത്തരം തീരുമാനങ്ങള്‍ വഴിയൊരുക്കുക എന്നാണ് സന്നദ്ധസംഘടനാ മേഖലയിലുള്ളവര്‍ കുറ്റപ്പെടുത്തുന്നത്.
സര്‍ക്കാറില്‍നിന്ന് ഒരു കോടിയിലേറെ രൂപയോ വിദേശത്തുനിന്ന് പ്രതിവര്‍ഷം പത്തു ലക്ഷത്തിലേറെയോ സ്വീകരിക്കുന്ന സംഘടനകളെ ലോക്പാല്‍-ലോക് ആയുക്ത് നിയമപ്രകാരം പൊതുസേവക പട്ടികയില്‍പെടുത്തുമെന്ന സര്‍ക്കാര്‍ വിജ്ഞാപനവും നിലവിലുണ്ട്. സന്നദ്ധസംഘടനാ ഭാരവാഹികളും മേധാവികളും സ്വത്തുവകകളും ആഭരണങ്ങളും മറ്റും സംബന്ധിച്ച വിവരങ്ങള്‍ ജൂലൈ 31ന് മുമ്പ് വെളിപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.