ന്യൂഡല്‍ഹി: രാജ്യസഭയില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് തടയാന്‍ ആന്ധ്ര ബില്‍ ധനബില്‍ ആണെന്ന അവകാശവാദവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്തിറങ്ങിയതോടെ പ്രതിപക്ഷവും സര്‍ക്കാറും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന കോണ്‍ഗ്രസ് എം.പിയുടെ സ്വകാര്യ ബില്‍ എന്ത് വിലകൊടുത്തും പാസാക്കുമെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചതോടെയാണ് അത് ഒഴിവാക്കാന്‍ ആധാറില്‍ പയറ്റിയ തന്ത്രം മോദി സര്‍ക്കാര്‍ വീണ്ടും പുറത്തെടുത്തത്. എന്നാല്‍, സര്‍ക്കാര്‍ വാദം തള്ളിയ പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു.
ആന്ധ്ര ബില്ലിന്‍െറ കാര്യത്തില്‍ സര്‍ക്കാര്‍ ഏറ്റുമുട്ടലിന്‍െറ പാതയിലായതിനാല്‍ ശൂന്യവേളയും ചോദ്യോത്തരവുമല്ലാതെ മറ്റൊന്നും അനുവദിക്കില്ളെന്ന നിലപാട് ചൊവ്വാഴ്ചയും ആവര്‍ത്തിച്ച കോണ്‍ഗ്രസ് ഈ ബില്‍ വോട്ടിനിടാതെ മറ്റൊരു നിയമനിര്‍മാണത്തിനും സമ്മതിക്കില്ളെന്ന് സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. തിങ്കളാഴ്ച പാസാക്കാന്‍ കഴിയാതിരുന്ന നഷ്ടപരിഹാര വനവത്കരണ ഫണ്ട് (കാമ്പ) ബില്‍ ഉച്ചക്കുശേഷം വോട്ടിനിടാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം ഇതുമൂലം പരാജയപ്പെട്ടു. സര്‍ക്കാറിന് കാമ്പ ബില്‍ പാസാക്കാന്‍ അവസരമൊരുക്കണമെന്ന് ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ അഭ്യര്‍ഥിച്ചെങ്കിലും ആന്ധ്രയുടെ കാര്യം തീര്‍പ്പാക്കാതെ വിട്ടുവീഴ്ചക്കില്ളെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് മറുപടി നല്‍കി.
ആന്ധ്ര ബില്‍ ധനബില്‍ ആണെന്ന് ആരോപിച്ച് രാജ്യസഭയില്‍നിന്ന് എടുത്തുമാറ്റാനുള്ള ശ്രമമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നടത്തുന്നതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തിയപ്പോള്‍ അത്തരമൊരു അഭിപ്രായം അദ്ദേഹം സഭയില്‍ പ്രകടിപ്പിച്ചിട്ടില്ളെന്നായിരുന്നു കുര്യന്‍െറ മറുപടി. എന്നാല്‍, ഒരിക്കല്‍ നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നപ്പോള്‍ സഭയിലത്തെിയ ധനമന്ത്രി ആന്ധ്ര ബില്‍ ധനബില്‍ ആണെന്ന നിലപാടാണ് സര്‍ക്കാറിനെന്നും ധനബില്‍ സ്വകാര്യ ബില്‍ ആയി പാസാക്കാന്‍ രാജ്യസഭയുടെ 186ാം ചട്ടപ്രകാരം കഴിയില്ളെന്നും വ്യക്തമാക്കി. എന്നാല്‍, ഈ വാദം ഖണ്ഡിച്ച സി.പി.എം നേതാവ് സീതാറാം യെച്ചൂരി ഏതൊക്കെ ധനബില്‍ ആണെന്നും ഏതൊക്കെ അല്ളെന്നും അറിയാന്‍ ജെയ്റ്റ്ലി രാജ്യസഭാ ചട്ടം 102ഉം 110ഉം വായിച്ചുനോക്കണമെന്ന് തിരിച്ചടിച്ചു.
2015 ആഗസ്റ്റ് ഏഴിന് ഈ ബില്‍ സ്വകാര്യ ബില്‍ ആക്കി അവതരിപ്പിച്ചപ്പോഴും അതിനുശേഷം ധനമന്ത്രിയടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴും ഒന്നുമില്ലാത്ത അഭിപ്രായം ഇപ്പോള്‍ എവിടെ നിന്നാണ് വന്നതെന്ന് യെച്ചൂരി ചോദിച്ചു. ജെയ്റ്റ്ലിയുടെ വാദം ശരിയാണെങ്കില്‍ ധനബില്‍ സ്വകാര്യ ബില്‍ ആക്കി അവതരിപ്പിക്കാന്‍ അനുമതി നല്‍കിയതിന് രാജ്യസഭാ സെക്രട്ടേറിയറ്റ് കുറ്റക്കാരാണോ എന്ന് വ്യക്തമാക്കാന്‍ ഈ വാദത്തില്‍ ജെയ്റ്റ്ലിയെ പിന്തുണച്ച ഉപാധ്യക്ഷന്‍ പി.ജെ. കുര്യനോടും ആവശ്യപ്പെട്ടു. ബില്ലിന്‍െറ കാര്യത്തില്‍ തങ്ങള്‍ പ്രകടിപ്പിച്ച ആശങ്ക ശരിവെക്കുന്നതാണ് ജെയ്റ്റ്ലിയുടെ പ്രസ്താവനയെന്നു പറഞ്ഞ ജയറാം രമേശ് മുന്നോട്ടുള്ള വഴി തുറക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമല്ളെന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നതെന്നും സഭ നടത്തണമെന്ന് സര്‍ക്കാറിന് താല്‍പര്യമില്ളെന്നും തുടര്‍ന്നു.
അതേസമയം, ജെയ്റ്റ്ലിയെ തള്ളിപ്പറഞ്ഞ് കേന്ദ്ര മന്ത്രി ചൗധരി സഭയില്‍ പ്രസ്താവന നടത്തിയതോടെ ആന്ധ്ര വിഷയത്തില്‍ എന്‍.ഡി.എയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. ജെയ്റ്റ്ലിയുടെ നിലപാടിന് വിരുദ്ധമായി കോണ്‍ഗ്രസ് എം.പിയുടെ ബില്‍ വോട്ടിനിട്ട് സഭ ഐകകണ്ഠ്യേന പാസാക്കണമെന്ന് ചൗധരി ആവശ്യപ്പെട്ടു. ഇതു കേട്ട ഉപാധ്യക്ഷന്‍ താങ്കള്‍ സര്‍ക്കാറിന്‍െറ ഭാഗമല്ളേ എന്ന് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ കൂട്ടുത്തരവാദിത്തമാണെന്നായിരുന്നു ചൗധരിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.