ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലത്തെിനില്‍ക്കേ, രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ ദാദ്രി സംഭവം വഴിതിരിച്ചുവിടാവുന്ന തരത്തില്‍ ദുരൂഹതയുണര്‍ത്തി പുതിയ ലാബ് റിപ്പോര്‍ട്ട്. ബി.ജെ.പി നേതാവിന്‍െറ നേതൃത്വത്തില്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്‍െറ വീട്ടില്‍നിന്ന് കണ്ടെടുത്തത് പശുവിന്‍െറയോ പശുക്കിടാവിന്‍െറയോ മാംസമാണെന്ന ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മഥുരയിലെ ഉത്തര്‍പ്രദേശ് യൂനിവേഴ്സിറ്റി ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി ലാബിന്‍െറ പരിശോധനാഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഫലം തള്ളിക്കളഞ്ഞ അഖ്ലാഖിന്‍െറ കുടുംബം ഇത് രാഷ്ട്രീയക്കളിയാണെന്ന് കുറ്റപ്പെടുത്തി. നേരത്തേ ദാദ്രിയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ അഖ്ലാഖിന്‍െറ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് കണ്ടത്തെിയിരുന്നു. എന്നാല്‍, രണ്ടാമത് മഥുര ലാബില്‍നിന്ന് വന്ന റിപ്പോര്‍ട്ടിലാണ് കണ്ടെടുത്തത് ഗോമാംസമാണെന്ന ഫലം കാണിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ഫാസ്റ്റ് ട്രാക് കോടതിയില്‍ കഴിഞ്ഞ ഏപ്രിലില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അത് പുറത്തുവന്നിരുന്നില്ല.

പ്രോസിക്യൂഷന്‍െറ എതിര്‍പ്പ് വകവെക്കാതെ, അഖ്ലാഖിനെ തല്ലിക്കൊന്ന കേസിലെ പ്രതികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മഥുര ലാബിന്‍െറ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് കോടതി കൈമാറിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുറത്തുവന്നത്.
എന്നാല്‍, പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ട് അഖ്ലാഖിന്‍െറ കുടുംബം തള്ളിക്കളഞ്ഞു. ആക്രമണം നടന്ന ദിവസം വീട്ടില്‍ ബീഫ് സൂക്ഷിക്കുകയോ ഭക്ഷിക്കുകയോ ചെയ്തിട്ടില്ളെന്നും കുടുംബം വ്യക്തമാക്കി. വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് അഖ്ലാഖിന്‍െറ മകള്‍ സാജിദ പറഞ്ഞു. ആദ്യം ദാദ്രി പൊലീസ് തന്നെ ആട്ടിറച്ചിയാണെന്നു പറഞ്ഞത് പിന്നെ ഇപ്പോഴെങ്ങനെ പശുവിറച്ചിയായെന്ന് അഖ്ലാഖിന്‍െറ സഹോദരന്‍ ചാന്ദ് മുഹമ്മദ് ചോദിച്ചു.

ഉത്തര്‍പ്രദേശ് പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ ഗോമാംസമാണെന്ന് ആരോപിച്ചാണ് തല്ലിക്കൊന്നതെന്ന പരാമര്‍ശം ഇല്ലാതിരുന്നത് നേരത്തേതന്നെ ദുരൂഹതയുയര്‍ത്തിയിരുന്നു. അന്ന് കുറ്റപത്രത്തില്‍ ഗോമാംസ പരാമര്‍ശം ഇല്ലാത്തതിനെ ന്യായീകരിച്ച ദാദ്രി ജില്ലാ പൊലീസ് സൂപ്രണ്ട്, പശുവിനെ അറുത്തെന്ന് തൊട്ടടുത്ത ക്ഷേത്രത്തില്‍നിന്ന് വിളിച്ചുപറഞ്ഞാണ് പ്രതികള്‍ അഖ്ലാഖിന്‍െറ വീട് ആക്രമിച്ചതെന്ന് കേസ് ഡയറിയിലുണ്ടല്ളോ എന്ന മറുപടിയാണ് നല്‍കിയത്.

മാംസം ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്‍െറ റിപ്പോര്‍ട്ട് അതുവരെയും കിട്ടിയില്ളെന്നും റിപ്പോര്‍ട്ട് വരുന്ന മുറക്ക് അക്കാര്യവും കുറ്റപത്രത്തില്‍ ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏപ്രിലില്‍ സമര്‍പ്പിച്ചുവെന്ന് പറയുന്ന ലാബിന്‍െറ ഫലം രണ്ടു മാസമായിട്ടും കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നില്ളെന്നതും ശ്രദ്ധേയമാണ്.
ആദ്യം ദാദ്രിയിലെ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ ആട്ടിറച്ചിയാണെന്ന് കണ്ടത്തെിയ മാംസമാണ് എട്ടു മാസത്തിനുശേഷം പശുവിന്‍െറയോ പശുക്കുട്ടിയുടെയോ ആണെന്ന് കണ്ടത്തെിയിരിക്കുന്നത്. അഖ്ലാഖിന്‍െറ വീട്ടില്‍നിന്ന് കണ്ടെടുത്തത് ആട്ടിറച്ചിയാണെന്നാണ് നേരത്തേ പറഞ്ഞിരുന്നതെന്നും  എന്നാലിപ്പോള്‍ ഗോമാംസമാണെന്നാണ് ലാബ് അധികൃതര്‍ പറഞ്ഞതെന്നും ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ജാവേദ് അഹ്മദ് പറഞ്ഞു.

സെപ്റ്റംബര്‍ 28നാണ് ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ ആഹ്വാനപ്രകാരം മുഹമ്മദ് അഖ്ലാഖ് എന്ന 52കാരനെ ഒരു സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഇടിച്ചും അടിച്ചും കൊലപ്പെടുത്തിയത്്. അഖ്ലാഖിന്‍െറ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളവരും അയല്‍ക്കാരുമാണ് പ്രതികളെന്ന് ആക്രമണത്തില്‍ പരിക്കേറ്റ മകന്‍ ദാനിഷ് മൊഴി നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.